ഡല്‍ഹിയില്‍ പിജി ഡോക്ടറെ പീഡിപ്പിച്ചുകൊന്ന സംഭവം : അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിക്കിടെ പിജി ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങി നിരവധി നഗരങ്ങളിലെ ഡോക്ടര്‍മാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിവിധ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മെഡിക്കല്‍ സ്റ്റാഫിനും മതിയായ സുരക്ഷ നല്‍കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിക്കിടെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സുരക്ഷയെച്ചൊല്ലി രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം ഉയരുന്നുണ്ട്.

ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വെള്ളിയാഴ്ച വെളുപ്പിനെയാണ് 32 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യ ഭാഗങ്ങളില്‍ നിന്നും അടക്കം രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടത് കാല്‍, കഴുത്ത്, വലതു കൈ, മോതിര വിരല്‍, ചുണ്ടുകള്‍ എന്നിവയിലും മുറിവുകളുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ ഞായറാഴ്ച സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണം സുതാര്യമാണെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് വെല്‍ഫെയര്‍ ബോര്‍ഡിലെ സിവിക് വളന്റിയര്‍ എന്ന നിലയില്‍ ആശുപത്രിയിലെ നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ആക്സസ് ഉള്ള വ്യക്തിയാണ് ഇയാള്‍. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ കുറ്റകൃത്യം ചെയ്തതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തി ഉറങ്ങിയിരുന്നു. പിന്നീട് തെളിവ് നശിപ്പിക്കാന്‍ വസ്ത്രങ്ങള്‍ അലക്കി. ഇയാളുടെ ചെരുപ്പില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide