ഡൽഹി: ഡൊമനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിക്കും. ഡൊമനിക്കയുടെ പ്രധാനമന്ത്രി ഡോ. റൂസ്‌വെല്‍റ്റ് സ്‌കെറിറ്റാണ് പ്രഖ്യാപനം നടത്തിയത്. കോവിഡ് കാലത്തെ നരേന്ദ്രമോദിയുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണ് പുരസ്‌കാരം സമ്മാനിക്കുക. കൂടാതെ ഇന്ത്യ-ഡൊമനിക്ക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും മോദി വളരെ വലിയ പങ്കുവഹിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗയാനയിലെ ജോര്‍ജ്ടൗണില്‍ വെച്ച് നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ വെച്ച് ബഹുമതി നരേന്ദ്ര മോദിയ്ക്ക് സമ്മാനിക്കും. നവംബര്‍ 19 മുതല്‍ 21 വരെയാണ് ഇന്ത്യ-കാരികോം ഉച്ചകോടി നടക്കുക. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.
2021 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഡൊമനിക്കയ്ക്ക് 70,000 ഡോസ് ആസ്ട്രസെനെക കോവിഡ് വാക്‌സിന്‍ നല്‍കി സഹായിച്ചിരുന്നു. കൂടാതെ വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ വിശാലമായ പിന്തുണയും നരേന്ദ്രമോദി സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നു.
ആഗോളതലത്തില്‍ കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികളും ഇന്ത്യ മുന്നോട്ടുവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ ഡൊമനിക്കയെ പിന്തുണച്ച നരേന്ദ്രമോദി സര്‍ക്കാരിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് ഡൊമനിക്കയുടെ പ്രധാനമന്ത്രി ഡോ. റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് പറഞ്ഞു. ഡൊമനിക്കയുടെ അടുത്ത പങ്കാളിയാണ് ഇന്ത്യയെന്നും പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയില്‍ നിന്ന് നിരവധി സഹായങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.