വാഷിങ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. അമേരിക്കൻ മൂന്ന് സംവാദങ്ങളിൽ താൻ കമലാ ഹാരിസുമായി ഏറ്റുമുട്ടുമെന്ന് ഡൊണാൾഡ് ട്രംപ് എക്‌സിൽ കുറിച്ചു. സെപ്തംബർ 4 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ആദ്യ സംവാദം ഫോക്സ് ന്യൂസ് ആതിഥേയത്വം വഹിക്കുകയും പെൻസിൽവാനിയയിലെ ഹാരിസ്ബർഗിൽ നടക്കുകയും ചെയ്യും.
സെപ്തംബർ 10ന് പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലുള്ള ഇൻഡിപെൻഡൻസ് ഹാളിലാണ് രണ്ടാമത്തെ സംവാദം നടക്കുക. ഈ പരിപാടി എബിസി ന്യൂസ് സംപ്രേക്ഷണം ചെയ്യും. അവതാരകൻ ഡേവിഡ് മുയർ മോഡറേറ്റ് ചെയ്യും. മൂന്നാമത്തേതും അവസാനത്തേതുമായ സംവാദം സെപ്റ്റംബർ 25-ന് മിഷിഗണിലെ ഗ്രാൻഡ് റാപ്പിഡ്‌സിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ലെസ്റ്റർ ഹോൾട്ട് മോഡറേറ്ററുമായി എൻബിസി ഈ സംവാദം സംപ്രേക്ഷണം ചെയ്യും. കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്ന് ട്രംപ് അറിയിച്ചു. മൂന്ന് സംവാദങ്ങളിലും കമല പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
Donald Trump announces debate schedule with Kamala harris