ന്യൂയോര്‍ക്ക്: ഹഷ് മണി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റും രാഷ്ട്രീയ എതിരാളിയുമായ ബൈഡനെതിരെയും ജഡ്ജിക്കെതിരെയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ ഡോണാള്‍ഡ് ട്രംപ് ആഞ്ഞടിച്ചത്. തന്നോട് ചെയ്തത് തെറ്റായ നടപടിയാണെന്ന് ട്രംപ് ആരോപിച്ചു. നീതി നിഷേധം തന്നെയാണ് നടന്നിരിക്കുന്നത്. ഇന്ന് തന്നോട് ഇത് ചെയ്തെങ്കില്‍ അവര്‍ ആര്‍ക്കെതിരയും ഇത് ആവര്‍ത്തിക്കുമെന്നും ട്രംപ് ആരോപിച്ചു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ജൂലായ് 11നാണ് ശിക്ഷ വിധിക്കാന്‍ പോകുന്നത്. തന്നെ ജയിലിലടക്കാന്‍ സാധ്യതയുണ്ട്. ചെറിയ ജയില്‍ ശിക്ഷയും പിഴയും നല്‍കാനാണ് സാധ്യത. 77-ാം വയസ്സില്‍ ജയില്‍ കിടക്കേണ്ടിവരുന്നതിന്റെ ആശങ്കയും ട്രംപ് പങ്കുവെച്ചു.
കോടതിവിധിക്കെതിരെ മേല്‍ക്കോടയില്‍ ഹര്‍ജി നല്‍കുമെന്ന് ട്രംപ് പറഞ്ഞു. കേസിലെ പല വിഷയങ്ങളിലും ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ജഡ്ജി ഹുവാന്‍ മെര്‍ച്ചനെതിരെയും പരാതിയുണ്ട്. ഒരു സ്വേച്ഛാദിപതിയെ പോലെയാണ് ജഡ്ജി പെരുമാറിയത്. സാക്ഷികളെ അനുവദിച്ചില്ല, സംസാരിക്കാന്‍ അനുവദിച്ചില്ല, നീതി ഉറപ്പാക്കാനായി ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല എന്നും ട്രംപ് കുറ്റപ്പെടുത്തി.
ഹഷ് മണി എന്നത് ഒരു കേസേ അല്ല. എന്നാല്‍ ഇതിനെ വലിയൊരു കേസാക്കി മാന്‍ഹട്ടന്‍ ഡിസ്ട്രിക് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് കൊണ്ടുവന്നു. ഏറ്റവും ദുഃഖകരമായ സംഭവങ്ങളാണ് അമേരിക്കയില്‍ ഉണ്ടാകുന്നത്. ഏതായാലും ഇത്തരം ഒരു കേസില്‍ ഉള്‍പ്പെട്ടതില്‍ അഭിമാനിക്കുന്നുഎന്നും ട്രംപ് പറഞ്ഞു. കോടതി വിധിയില്‍ താന്‍ സന്തോഷിക്കുന്നു എന്നല്ല, ഇതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടാകുന്നുണ്ടെങ്കില്‍ തനിക്ക് അഭിമാനമേ ഉള്ളുവെന്നായിരുന്നു ട്രംപിന്റെ ആക്രമണം.
തനിക്കെതിരായ കോടതി വിധിയെ ശക്തമായ രാഷ്ട്രീയ ആയുധമാക്കി തിരിച്ചടിക്കുകയാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ ട്രംപ് ചെയ്തിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ മകൻ എറിക്കും മരുമകൾ ലാറയും ഒഴികെ ട്രംപ് കുടുംബത്തിലെ ആരും എത്തിയിരുന്നില്ല.
Donald trump at the First Press conference after the convict judgment