ട്രംപിന്റെ കൂടികാഴ്ച ക്ഷണം തള്ളുമോ പ്രധാനമന്ത്രി മോദി, ‘അതിശയ’ പുകഴ്ത്തലിലും പ്രതികരിക്കാതെ ഇന്ത്യ

ദില്ലി: അടുത്ത ആഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മോദി അതിശയമാണെന്ന പുകഴ്ത്തൽ അടക്കം നടത്തി കൂടിക്കാഴ്ചക്കായി ട്രംപ് ക്ഷണിച്ചെങ്കിലും ഇന്ത്യ മൗനം പാലിക്കുകയാണ്. അമേരിക്കയിലെത്തുള്ള മോദിയെ കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായ ട്രംപ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുവരെയും തയ്യാറായിട്ടില്ല.

സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുമോ എന്നാ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മോദിയുടെ യുഎസ് സന്ദര്‍ശനം 21 മുതല്‍ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന കാലത്ത് മോദിയുമായി ശക്തമായ ബന്ധമായിരുന്നു. അക്കാലത്ത് ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്‌തേ ട്രംപ്’ എന്നീ പരിപാടികള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ തന്ത്രപരമായ സഹകരണത്തിലൂടെ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതില്‍ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇടയ്ക്കിടെയുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും, ബന്ധം സുരക്ഷിതമായി കൊണ്ടുപോകാന്‍ മോദിയും ട്രംപും ശ്രദ്ധിച്ചു. എന്നാലും ഇപ്പോൾ കൂടിക്കാഴ്ച്ച നടക്കുമോ എന്നത് കണ്ടറിയണം.