ABC ന്യൂസിൻ്റെ ഒരു ഷോയ്ക്കിടെ ഡൊണാൾഡ് ട്രംപ് “ബലാത്സംഗത്തിന് ഉത്തരവാദി”യാണെന്ന സ്റ്റാർ ആങ്കർ ജോർജ്ജ് സ്റ്റെഫാനോപോലസിൻ്റെ പരാമർശത്തിനതിരെ നൽകിയ മാനനഷ്ടക്കേസ് തീർപ്പാക്കാൻ എബിസി ന്യൂസ് $15 മില്യൺ നൽകാൻ സമ്മതിച്ചു. ഒത്തുതീർപ്പിൻ്റെ ഭാഗമായി സ്റ്റെഫാനോപോലസിൻ്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്ന ഒരു പ്രസ്താവനയും എബിസി പ്രസിദ്ധീകരിക്കും. ട്രംപിനു നിയമയുദ്ധത്തിനായി ചെലവായ 10 ലക്ഷം ഡോളർ തുകയും എബിസി നൽകണം.
ഈ വർഷം മാർച്ച് 10 ന് ഒരു അഭിമുഖത്തിനിടെ ജോർജ്ജ് സ്റ്റെഫാനോപോലസ് ട്രംപിനുള്ള പിന്തുണയെക്കുറിച്ച് സൌത്ത് കരോലിന കോൺഗ്രസ് ജനപ്രതിനിധി നാൻസി മെയ്സുമായി സംസാരിക്കുന്നതിനിടെ ട്രംപ് ബലാൽസംഗം നടത്തി എന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ന്യൂയോർക്ക് സിവിൽ കോടതി, കോളമിസ്റ്റും എഴുത്തുകാരിയുമായ ജീൻ കരോളിനെ 1996-ൽ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ട്രംപ് “ലൈംഗികമായി ദുരുപയോഗം” ചെയ്തതായി കണ്ടെത്തിയിരുന്നു. അവരെ അപകീർത്തിപ്പെടുത്തിയതിനും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി വലിയ തുക പിഴ ഇട്ടിരുന്നു.
ന്യൂയോർക്ക് നിയമപ്രകാരം “ലൈംഗിക ദുരുപയോഗത്തിനും” ബലാൽസംഗത്തിനും വ്യത്യസ്ത നിർവചനങ്ങളാണ്. ട്രംപിൻ്റെ കേസിൽ ലൈംഗിക ദുരുപയോഗം എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ബലാൽസംഗം എന്ന പദമാണ് എബിസി ന്യൂസ് അവതാരകൻ ഉപയോഗിച്ചത്.