ന്യൂയോർക് : മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹഷ് മണി കേസിൽ കുറ്റക്കാരനെന്ന് മാൻഹാറ്റൻ കോടതി. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക. ന്യൂയോർക്കിൽ നടന്ന ചരിത്രപരമായ ക്രിമിനൽ വിചാരണയിൽ, ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചു എന്ന 34 കുറ്റങ്ങളിലും ഡോണൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
12 ജൂറി അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തോടെ, ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കേസിൽ കുറ്റവാളിയായി മാറുന്ന ആദ്യ മുൻ യുഎസ് പ്രസിഡൻ്റായി ട്രംപ്. ട്രംപിന് ജയിൽ ശിക്ഷ ഉൾപ്പെടെ കിട്ടുമോ എന്ന് ജഡ്ജി ജുവാൻ മെർച്ചൻ തീരുമാനിക്കും. എന്നാൽ ജയിൽ ശിക്ഷയ്ക്ക് സാധ്യത ഇല്ലെന്നും പിഴയൊടുക്കാനായിരിക്കും വിധിയുണ്ടാവുകയന്നും നിയമവിദഗ്ധർ വിലയിരുത്തുന്നു.
വിധിയെ അപമാനകരം എന്ന് വിശേഷിപ്പിച്ച ട്രംപ്, കേസിലെ ജഡ്ജിമാരുടെ ബഞ്ചിന്റെ അധ്യക്ഷനായ മെർച്ചനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു.
2024-ലെ റിപ്പബ്ളിക്കൻ സ്ഥാനാർഥിയായി കരുതപ്പെടുന്ന ട്രംപിൻ്റെ ശിക്ഷ വരാൻ പോകുന്നത് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷന് 4 ദിവസം മുൻപാണ്
വിധി എന്തുതന്നെയായലും അദ്ദേഹത്തിൻ്റെ അഭിഭാഷകർ വിധിക്കെതിരെ അപ്പീൽ നൽകും, എന്നാൽ നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ആ പ്രക്രിയ അവസാനിക്കാൻ സാധ്യതയില്ല. പ്രശസ്ത രതിചിത്ര നടി സ്റ്റോമി ഡാനിയൽസ്, ട്രംപിൻ്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ ഉൾപ്പെടെ 22 സാക്ഷികളിൽ നിന്ന് ആറ് ആഴ്ചകളിലായി കോടതി വാദം കേട്ട ശേഷമാണ് ചരിത്രപരമായ ഈ വിധി വന്നത്.
സ്റ്റോമി ഡാനിയൽസിന് ട്രംപുമായുണ്ടായി എന്നു പറയപ്പെടുന്ന ലൈംഗികബന്ധം ഈ കേസിൻ്റെ കേന്ദ്രബിന്ദുവായിരുന്നു. 2006ൽ നടന്ന ഈ സംഭവത്തെ കുറിച്ച് പുറത്തു പറയാതിരിക്കാൻ സ്റ്റോമി ഡാനിയേൽസിന് ട്രംപ് 2016 ലെ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പണം നൽകി. അത് കൈമാറിയത് മുൻ അഭിഭാഷകനായ മൈക്കൽ കോഹനായിരുന്നു. എന്നാൽ ഈ പണം അഭിഭാഷകനു നൽകുന്ന പ്രതിഫലമായാണ് രേഖകളിൽ ഉള്ളത്. തിരഞ്ഞെടുപ്പിൽ മുഖം രക്ഷിക്കാനായി ട്രംപ് കാട്ടിയ തിരിമറികളായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.
Donald Trump Guity on Hush Money Trail Case