യുഎസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍. ഇരുരാഷ്ട്രങ്ങളും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദം മുമ്ബോട്ടു കൊണ്ടു പോകാൻ ട്രംപിനാകുമെന്ന് പ്രധാനമന്ത്രിയും പ്രസിഡണ്ടും പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നത്. യുഎഇ പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടെയും അഭിനന്ദന സന്ദേശങ്ങളില്‍ ഈ ആശങ്ക നിഴലിച്ചു നിന്നു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും തിരിച്ചുകൊണ്ടുവരാൻ ട്രംപിനാകട്ടെ എന്നായിരുന്നു ഇരുവരുടെയും സന്ദേശങ്ങളുടെ ആകത്തുക.
അമേരിക്കയുടെ 47-ാം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനും വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസിനും അഭിനന്ദനങ്ങള്‍. പുരോഗതി ലക്ഷ്യം വച്ചുള്ള യോജിച്ച അഭിലാഷത്തിന്മേലാണ് യുഎസും യുഎഇയും തമ്മിലുള്ള അഞ്ചു പതിറ്റാണ്ടു നീണ്ട ഉഭയകക്ഷി ബന്ധം നിലനില്‍ക്കുന്നത്. എല്ലാവരുടെയും സുരക്ഷ, ക്ഷേമം, ഭാവിക്കായുള്ള അവസരം എന്നിവയില്‍ യുഎസുമായി ചേർന്നു പ്രവർത്തിക്കാൻ യുഎഇ ഇനിയും ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രസിഡണ്ടിന്റെ ട്വീറ്റ്. പശ്ചിമേഷ്യൻ മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഒന്നിച്ചു പ്രവർത്തിക്കാം എന്നായിരുന്നു പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അഭിനന്ദന സന്ദേശം.