വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ സംവാദത്തിന് തന്നെ വെല്ലുവിളിച്ച കമലാ ഹാരിസിന് ഡോണൾഡ് ട്രംപിന്‍റെ മറുപടി. ‘ക്ഷമ വേണം, സമയമെടുക്കും’ എന്ന ദൃശ്യം സിനിമയിലെ ഡയലോഗ് പോലെയുള്ള മറുപടിയാണ് മുൻ യു എസ് പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്‍റ് സ്ഥാനാർഥിയുമായ ട്രംപ് നൽകിയിരിക്കുന്നത്. കമലയെ ഡെമോക്രാറ്റിക് പാർട്ടി ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ എന്ന് ചൂണ്ടികാട്ടിയ ട്രംപ്, ആദ്യം പ്രഖ്യാപനം വരട്ടെ എന്നാണ് പറഞ്ഞത്. തന്‍റെ എതിരാളിയായി കമലാ ഹാരിസിനെ പ്രഖ്യാപിക്കാത്തിടത്തോളം സംവാദത്തിൽ ഏർപ്പെടാൻ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി.
കമലയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം മതി സംവാദം എന്ന് ട്രംപ് വിവരിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുംവരെ കാത്തിരിക്കാനും ട്രംപ് ആവശ്യപ്പെട്ടു. സെപ്റ്റംബർ പത്തിന് നിശ്ചയിച്ച സംവാദത്തിന് താൻ ഒരുക്കമാണെന്നാണ് കമല ഹാരിസ് നേരത്തെ ട്രംപിനെ വെല്ലുവിളിച്ചത്. വോട്ടർമാർ ആ സംവാദം കാണാനായി കാത്തിരിക്കുകയാണെന്നും കമല പറഞ്ഞിരുന്നു. ഓഗസ്‌റ്റിൽ ചിക്കാഗോയിൽ നടക്കുന്ന പാർട്ടി കൺവെൻഷനിൽ കമല ഹാരിസിനെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇന്ന് മുൻ പ്രസിഡന്‍റ് ഒബാമ കൂടി കമലയെ പിന്തുണച്ചതോടെ സ്ഥാനാർഥിത്വം ഉറപ്പായിട്ടുണ്ട്.
അതേസമയം ട്രംപും ബൈഡനും രണ്ട് സംവാദങ്ങളാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഒരെണ്ണം ജൂൺ 27 നും മറ്റൊന്ന് സെപ്റ്റംബർ 10 നും. ഇതിൽ ജൂണിൽ നടന്ന സംവാദത്തിലെ മോശം പ്രകടനമാണ് ജോ ബൈഡന്‍റെ സ്ഥാനാർഥിത്വം പോലും നഷ്ടമാകാൻ പ്രധാന കാരണമായത്. സംവാദത്തിലെ മോശം പ്രകടനത്തിന്‍റെ പേരിൽ സ്വന്തം പാർട്ടിയിൽ പോലും ബൈഡനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ കൊവിഡ് കൂടി പിടിപ്പെട്ടതോടെയാണ് പ്രസിഡന്‍റ് ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റ് കമലയെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് ബൈഡൻ പിന്മാറിയത്.