വാഷിംഗ്ടണ്‍: നവംബര്‍ 5 ന് നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുപ്രധാന സ്വിങ് സ്റ്റേറ്റുകളിലൊന്നായ അരിസോണയും ട്രംപിലേക്ക് ചാഞ്ഞു. അങ്ങനെ ഏഴ് സ്വിംഗ് സ്റ്റേറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി തൂത്തുവാരി ഉജ്ജ്വലവിജയത്തിലേക്ക് കുതിക്കുകയാണ്.
യു.എസ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ ആറെണ്ണത്തിന്റെ ഫലം നേരത്തെ പുറത്തുവന്നിരുന്നു. അവസാനം ഫലം പുറത്തുവന്ന അരിസോണയില്‍ ട്രംപ് തന്നെയായിരുന്നു ലീഡ് ചെയ്തിരുന്നതും. ഇവിടെ 11 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ അധിക കരുത്താകുക. 2016നാണ് മുമ്പ് ട്രംപ് അരിസോണയില്‍ വിജയം നുണഞ്ഞത്. 2020 ല്‍ അരിസോണ ഡെമോക്രാറ്റുകള്‍ക്കൊപ്പമായിരുന്നു. എന്നാലിത് തിരുത്തിക്കുറിച്ചാണ് 78 കാരനായ ട്രംപിനെ ഇക്കുറി പിന്തുണയ്ച്ചത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തില്‍ വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്ന് ട്രംപിന് ഇതുവരെ 312 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. 2016 ലെ വിജയത്തിന് കരുത്തായത് 304 ഇലക്ടറല്‍ വോട്ടുകളായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ജോര്‍ജിയ, പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, നോര്‍ത്ത് കരോലിന, നെവാഡ എന്നീ സ്വിംഗ് സ്റ്റേറ്റുകള്‍ ഉള്‍പ്പെടെ 50 സംസ്ഥാനങ്ങളില്‍ പകുതിയിലധികവും ട്രംപ് വിജയിയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.