ഫ്ലോറിഡയിലെ പാം ബീച്ചിലെ സ്വന്തം വസതിയായ മാർ എ ലാഗോ ക്ളബിൽ വച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റിൻ്റെ ആദ്യ പത്ര സമ്മേളനം. ഒരു മണിക്കൂർ നീണ്ട പത്ര സമ്മേളനത്തിൽ അമേരിക്കയെ ബാധിക്കുന്ന നിരവധി വിഷയങ്ങളെ കുറിച്ച് ട്രംപ് സംസാരിച്ചു. തിരഞ്ഞെടുപ്പു കാലത്ത് മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയിരുന്ന ട്രംപ് ഈ പത്ര സമ്മേളനത്തിൽ വളരെ ലാഘവത്തോടെ താമശകൾ പറഞ്ഞാണ് പത്രക്കാരെ നേരിട്ടത്.
അമേരിക്കയിൽ നിന്ന് പോളിയോ വാക്സിൽ ഒരു കാരണവശാലും ഒഴിവാക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വാക്സിൻ്റെ മെച്ചത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. വാക്സിൻ ഓട്ടിസത്തിനു കാരണമാണ് എന്ന് താങ്കൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്. അതെ കുറിച്ച് പഠിക്കുകയാണെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസത്തിന്റെ നിരക്ക് വളരെ കൂടിയിട്ടുണ്ടെന്നും ട്രംപ് മറുപടി നൽകി.
ന്യൂ ജേഴ്സിക്ക് മുകളിലൂടെ ഡ്രോണുകൾക്ക് സമാനമായ അജ്ഞാത വസ്തുക്കൾ പറക്കുന്നതു സംബന്ധിച്ചും ട്രംപ് മറുപടി പറഞ്ഞു. യുഎസ് മിലിട്ടറി അറിയാതെ ഇവിടെ ഒന്നും സംഭവിക്കില്ല. അത് എവിടെ നിന്ന വരുന്നു എങ്ങോട്ടു പോകുന്നു എന്നെല്ലാം അവർക്ക് അറിയാം, പ്രസിഡൻ്റിനും അറിയാം. പക്ഷേ ഇതൊന്നും ജനങ്ങൾ അറിയേണ്ട എന്ന് ആർക്കോ നിർബന്ധം ഉള്ളതുപോലെ തോന്നുന്നു എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
അമേരിക്കയിൽ ഒരു ദശലക്ഷത്തിലധികം നിയമപരമായ ഡ്രോണുകൾ ഉണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിയമാനുസൃതമായ വാണിജ്യ ഡ്രോണുകൾ, ഹോബിയിസ്റ്റ് ഡ്രോണുകൾ, നിയമ നിർവഹണ ഡ്രോണുകൾ, അതുപോലെ തന്നെ ആളുള്ള ഫിക്സഡ് വിംഗ് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ, കൂടാതെ നക്ഷത്രങ്ങൾ എന്നിവയൊക്കെ ഡ്രോണുകളായി തെറ്റിധരിക്കപ്പെടുകയാണ്. ട്രംപ് പറഞ്ഞു.
ന്യൂയോർക്ക് മേയർ എറിക് ആഡംസിന് മാപ്പ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. സാമ്പത്തിക ക്രമക്കേടിൻ്റെ പേരിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് ആഡംസ്. ആഡംസിനോട് മോശമായാണ് ഇടപെടുന്നത്. അയാൾക്ക് മാപ്പ് നൽകുന്ന കാര്യം പരിഗണിക്കും. പക്ഷേ കേസ് സംബന്ധിച്ച് കൂടുതലൊന്നും തനിക്ക് അറിയില്ലെന്നും ട്രംപ് പറഞ്ഞു.
ട്രംപിൻ്റെ ഭരണകാലത്ത് പണിത അമേരിക്കൻ തെക്കൻ അതിർത്തിയിലെ മതിൽ നിർമാണം ഇനിയും തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. മതിൽ നിർമാണത്തിനായി കൊണ്ടുവന്നിരുന്ന അസംസ്കൃത വസ്തുക്കൾ ബൈഡൻ ഭരണകൂടം വിൽക്കുകയോ മറ്റ് വകുപ്പുകളിലേക്ക് വകമാറ്റി നൽകുകയോ ചെയ്തിട്ടുണ്ട്. അത് ശരിയായ നടപടിയല്ല എന്ന് ട്രംപ് വ്യക്തമാക്കി.
ട്രംപ് വിജയത്തിനു ശേഷമുള്ള ആഴ്‌ചകൾ ചെലവഴിച്ചത് തൻ്റെ വരാൻ പോകുന്ന ഭരണം മെച്ചപ്പെടുത്താനുള്ള വഴികൾ കെട്ടിപ്പടുക്കുന്നതിനാണ് എന്ന് ട്രംപ് പറഞ്ഞു. നൂറിലധികം ലോക നേതാക്കളുമായി താൻ സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. എന്നാൽ ആ ലിസ്റ്റിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. “പുടിൻ ചോദ്യത്തെക്കുറിച്ച് ഞാൻ പ്രതികരിക്കാൻ പോകുന്നില്ല,” അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ , സിറിയയിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു.“നമ്മുടെ സൈനികരെ കുരുതികൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” ട്രംപ് വ്യക്തമാക്കി.
വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്ക് പുറമേ, ആപ്പിൾ സിഇഒ ടിം കുക്കിനെ കണ്ടതും പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മേധാവികളുമായും അടുത്തിടെ നടത്തിയ അത്താഴത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു.
Donald Trump Press conference in Mar A Lago club florida