
വാഷിങ്ടൺ: തെരഞ്ഞെടുപ്പ് റാലിക്കിടെ തന്നെ വെടിവെച്ച് കൊല്ലാൻ നടത്തിയ ശ്രമത്തിനു പിന്നിലെ കാരണങ്ങൾ അടക്കം തുറന്നു പറഞ്ഞ് ഡോണൽഡ് ട്രംപ് രംഗത്ത്. കുടിയേറ്റ വിഷയത്തിൽ താനെടുത്ത കർക്കശ നിലപാടുകളാണ് വധശ്രമത്തിന് പിന്നിലെന്നാണ് ട്രംപ് എലൺ മസ്ക്കിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് തന്നെ കൊല്ലാൻ ശ്രമിച്ചതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം ട്രംപ് വെളിപ്പെടുത്തുന്നത്. ഒരു മാസം മുമ്പാണ് പെൻസിൽവാനിയയിലെ ബട്ലറിൽ ഒരു തെരഞ്ഞെടുപ്പ് പരിപാടിക്കിടയിൽ ഇരുപതുകാരനായ തോമസ് മാത്യൂ ക്രൂക്സ് എന്നയാൾ ട്രംപിന് നേരെ വെടിയുതിർത്തത്. ട്രംപ് സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ വെടിവെപ്പുണ്ടായി. എട്ടുതവണ വെടിയുതിർത്തെങ്കിലും ട്രംപിന്റെ ചെവിയിൽ ചെറിയ മുറിവുണ്ടാക്കിയതല്ലാതെ ക്രൂക്സിന് ലക്ഷ്യം നടപ്പാക്കാനായില്ല. ഇയാളെ പെട്ടെന്നു തന്നെ വെടിവെച്ച് വീഴ്ത്താൻ സ്ഥലത്തുണ്ടായിരുന്ന സീക്രട്ട് സര്‍വ്വീസ് സ്നിപ്പർക്ക് സാധിച്ചതിനാൽ അപകടം ഒഴിവായി.
ഹാര്‍ഡ് ഹിറ്റ് എന്നാണ് ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. പ്രസംഗത്തിനിടെ വെടിയുണ്ടയാണ് ചെവിയില്‍ കൊണ്ടതെന്ന് എനിക്ക് പെട്ടെന്നുതന്നെ മനസിലായിരുന്നു. ദൈവത്തില്‍ വിശ്വസിക്കാത്തവരുണ്ടല്ലോ ഇവിടെ , നാമെല്ലാം അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങണമെന്നാണ് ഞാന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. താൻ ദൈവ വിശ്വാസി ആണെന്നും ആ സംഭവത്തിനു ശേഷം കൂടുതൽ വിശ്വാസി ആയെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം അട്ടിമറി കാരണമാണ് ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനായതെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. എക്‌സില്‍ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിനിടെയാണ് ട്രംപിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന സംവാദത്തില്‍ ബൈഡനെ താന്‍ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളില്‍ ഒന്നായിരുന്നു അത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബൈഡന്‍ നിര്‍ബന്ധിതനായി, ആ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നെന്നും ട്രംപ് വിവരിച്ചു.