ഫ്ലോറിഡയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നത് പിന്തുണക്കുമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: 21 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ഫ്ലോറിഡയിലെ ബാലറ്റ് സംരംഭത്തെ പിന്തുണയ്ക്കുന്നതായി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കഞ്ചാവ് നിയമവിധേയമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംസ്ഥാനതല ശ്രമങ്ങളെയും ഗവേഷണത്തെയും പിന്തുണക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

“ഞാൻ മുമ്പ് പ്രസ്താവിച്ചതുപോലെ, വ്യക്തിഗത ഉപയോഗത്തിനായി ചെറിയ അളവിൽ കഞ്ചാവ് ഉപയോഗിച്ചതിന് മുതിർന്ന വ്യക്തികളുടെ അനാവശ്യ അറസ്റ്റുകളും തടവും അവസാനിപ്പിക്കേണ്ട സമയമാണിത്. മുതിർന്നവർക്ക് സുരക്ഷിതവും പരീക്ഷിച്ചതുമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതോടൊപ്പം തന്നെ നിയന്ത്രണങ്ങളും നടപ്പിലാക്കണം.”

ഒരു ഫ്ലോറിഡിയൻ എന്ന നിലയിൽ, നവംബറിലെ ഈ ഭേദഗതിക്ക് അനുകൂലമായി താൻ വോട്ട് ചെയ്യുമെന്നും സർക്കാർ അംഗീകൃത മരിജുവാന വിതരണക്കാർക്ക് ഈ വിഷയത്തിൽ നിയമങ്ങൾ പാസാക്കുന്നതിന് യുഎസ് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. കഞ്ചാവ് ഉപയോഗത്തിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ചില വിഭാഗം ജനങ്ങൾ കനത്ത എതിർപ്പ് പ്രകടിപ്പിച്ചു.