അധികാരത്തിലേക്ക് തിരികെ എത്തിയാല്‍ യുഎസ് ക്യാപ്പിറ്റോള്‍ കലാപകാരികളെ മോചിപ്പിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് കസേരയിലേക്ക് താന്‍ തിരികെ എത്തിയാല്‍ ആദ്യം ചെയ്യുക യുഎസ് ക്യാപിറ്റോളിനു നേരെ നടന്ന ആക്രമണത്തില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുകയാണെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

2020 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റ ട്രംപ് തോല്‍വി സമ്മതിക്കാതെ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി ആരോപിച്ച് അധികാരം കൈമാറാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കൊടുവില്‍ 2021 ജനുവരിയില്‍ ട്രംപ് അനുകൂലികള്‍ യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം നടത്തിയിരുന്നു. ഈ കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവരെയാണ് ട്രംപ് മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട നീതിന്യായ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 38 മാസത്തിനിടെ 1,358 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരില്‍ 500 ഓളം പേര്‍ക്ക് തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ട്.

തടവിലാക്കപ്പെട്ട തന്റെ പിന്തുണക്കാരെ മോചിപ്പിക്കണമെന്ന ആവശ്യം ഇതാദ്യമായല്ല ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. ജനുവരിയില്‍, അയോവയിലെ ഒരു പ്രചാരണ റാലിയില്‍ പ്രസിഡന്റ് ജോ ബൈഡനോടും അദ്ദേഹം ഇതേ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

മാത്രമല്ല, വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ ആദ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ചുപൂട്ടുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.

പ്രൈമറികളിലെ മികച്ച വിജയത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അവസാന എതിരാളിയായ നിക്കി ഹേലികൂടി മത്സരത്തില്‍ നിന്ന് പുറത്തുപോയതോടെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ട്രംപിന് ഫലത്തില്‍ ഉറപ്പാണ്. 77 കാരനായ ഈ റിപ്പബ്ലിക്കന്‍ നേതാവ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അനധികൃത കുടിയേറ്റം തടയുമെന്നും തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.

Trump says he will release the US Capitol rioters if he returns to power