ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഫ്ലോറിഡയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡൻ്റ് സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ചർച്ചയാകുന്നു. വ്യക്തിഗത അളവിൽ കഞ്ചാവ് കൈവശം വെക്കുന്നവരെ പിടികൂടാനായി നികുതിദായകരുടെ പണം പാഴാക്കരുതെന്നും ട്രംപ് പറഞ്ഞകൊണ്ടാണ് ട്രംപ് ഫ്ലോറിഡയിൽ നിശ്ചിത അളവിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് പ്രഖ്യാപിച്ചത്. ‘നോ ടാക്സ് ഓൺ ടിപ്‌സ്’ പ്രചരണ പരിപാടിയുടെ ഭാഗമായി ട്രൂത്ത് സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.
21 വയസിന് മുകളിലുള്ളവർക്ക് മൂന്ന് ഔൺസ് വരെ കൈവശം വയ്ക്കാനും വാങ്ങാനുമുള്ള അവകാശം നിയമവിധേയമാക്കാൻ താൻ പരിശ്രമിക്കുമെന്നാണ് ട്രംപ് വിവരിച്ചത്. ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിയമഭേദഗതി കൊണ്ടുവരും. ഇതിനായി വോട്ടർമാരുടെ അംഗീകാരം തനിക്ക് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ചെറിയ അളവിൽ കഞ്ചാവ് കൈവശം വെക്കുന്നവരെ പിടികൂടാനായി നികുതിദായകർ നൽകുന്ന പണം പാഴാക്കുന്നതിനോട് യോജിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വൈദ്യോപയോഗങ്ങൾക്കോ വിനോദത്തിനോ ആയി കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതി മിക്ക അമേരിക്കൻ സംസ്ഥാനങ്ങളിലുമുണ്ട്. അങ്ങനെയിരിക്കെ ഫ്ലോറിഡയിൽ മാത്രം എന്തുകൊണ്ട് കഞ്ചാവ് നിയമവിരുദ്ധമാകുന്നുവെന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ ചോദ്യം. അമേരിക്കയിലെ പല സംസ്ഥാനങ്ങളിൽ കഞ്ചാവ് ഉപയോഗം നിയമപരമാകുമ്പോൾ, മറ്റൊരു സംസ്ഥാനത്ത് ഉപഭോക്താക്കൾ കുറ്റവാളികളാകരുത്. പകരം പൊതു ഇടങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമങ്ങൾ മതിയാകുമെന്നും ട്രംപ് നിർദേശിച്ചു. ചെറിയ തോതിൽ കഞ്ചാവ് കൈവശം വച്ചുവെന്ന പേരിൽ ഫ്ലോറിഡയിലുള്ള ഒരാളെ ക്രിമിനലാക്കി ജീവിതം നശിപ്പിക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു.