ഗർഭച്ഛിദ്രവും ക്രിമിനല്‍ കുറ്റങ്ങളും ട്രംപിനെ അടിക്കാൻ വടിയാക്കി കമല ഹാരിസ്; കുടിയേറ്റത്തില്‍ തിരിച്ചടിച്ച് ഡോണൾഡ് ട്രംപ്; സംവാദത്തിൽ വാശിയോടെ പോരാടി സ്ഥാനാർത്ഥികൾ

മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമല ഹാരിസും തമ്മിലുള്ള വാശിയേറിയ സംവാദം പൂർത്തിയായി. ഇന്ത്യന്‍ സമയം രാവിലെ 6.30 ഓടെയാണ് സംവാദത്തിന് തുടക്കമായത്. ജൂണിൽ ബൈഡൻ-ട്രംപ് സംവാദം നടന്നിരുന്നുവെങ്കിലും പാർട്ടിയിലെ തന്നെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ബൈഡന്‍ മാറി കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി എത്തുന്നത്. എബിസി ന്യൂസ് സംഘടിപ്പിച്ച ട്രംപ്-കമല സംവാദം ഏകദേശം 90 മിനിറ്റ് നീണ്ടുനിന്നു. സാമ്പത്തികം, ഗർഭച്ഛിദ്രാവകാശം, ഇസ്രായേൽ-ഗാസ, റഷ്യ-ഉക്രെയ്ൻ യുദ്ധങ്ങൾ, കുടിയേറ്റ നിയമങ്ങൾ എന്നീ വിഷയങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളും പരസ്പരം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.

അമേരിക്കയിലെ ഗർഭച്ഛിദ്ര നിയമം, ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവയാണ് കമലഹാരിസ് പ്രധാനമായും മുൻ പ്രസിഡന്റിനെതിരെ ആയുധമാക്കിയത്. എന്നാൽ അഭയാർത്ഥി പ്രശ്നമായിരുന്നു തിരിച്ചടിക്കാൻ ട്രംപ് ഉപയോഗിച്ചത്. ട്രംപ് പ്രസിഡൻ്റായാൽ ദേശീയ ഗർഭച്ഛിദ്ര നിരോധനത്തിൽ ഒപ്പുവെക്കുമെന്ന് കമലാ ഹാരിസ് ആരോപിച്ചു. എന്നാൽ ട്രംപ് ഇക്കാര്യം നിഷേധിക്കുകയും ഡെമോക്രാറ്റുകൾ ജനനത്തിനു ശേഷമുള്ള ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. എട്ടാം മാസത്തിലും ഒമ്പതാം മാസത്തിലും മാത്രമല്ല, ജനിച്ച ശേഷവും കുഞ്ഞിനെ ഇല്ലാതാക്കുന്നതാണ് കമലഹാരിസിന്റെ നയം. ഗര്‍ഭഛിദ്ര നയത്തില്‍ തങ്ങളുടെ നിലപാടുകള്‍ക്ക് എതിരെ കള്ളപ്രചരണമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപ് നുണ പറയുകയാണെന്ന് കമല ഹാരിസ് തിരിച്ചടിച്ചു. പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നയങ്ങൾ അമേരിക്കയിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വിശേഷിപ്പിച്ചു. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഗര്‍ഭഛിദ്ര നയത്തിലെ ട്രംപിന്റെ നിലപാട്. ഒരു സ്ത്രീ ചോരയൊലിപ്പിച്ച് കിടക്കുമ്പോഴുമ്പോഴും, ജീവന് വേണ്ടി പൊരുതുമ്പോഴും ജീവന്‍ രക്ഷിക്കാനുള്ള നടപടികളിലേക്ക് പോകാന്‍ ഡോക്ടര്‍മാരും നഴ്സുമാരും ഭയപ്പെടുകയാണ്. കാരണം ഇതുണ്ടാക്കാവുന്ന നിയമക്കുരുക്കുകള്‍ കൊണ്ട്. ഒരു സ്ത്രീക്ക് അവരുടെ ശരീരത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടണം എന്നും കമല ഹാരിസ് പറഞ്ഞു.

ട്രംപിന്റെ മുന്‍കാല ഭരണത്തേയും കമല ഹാരിസ് ശക്തമായ ഭാഷയില്‍ അലപിച്ചു. മഹാമാന്ദ്യത്തിനു ശേഷമുള്ള യുഎസിലെ ഏറ്റവും മോശമായ തൊഴിലില്ലായ്മ പ്രതിസന്ധിയാണ് ട്രംപിന്റെ കാലത്ത് കണ്ടതെന്ന് കമല ഹാരിസ് അവകാശപ്പെട്ടു. അദ്ദേഹം അധികാരത്തില്‍ നിന്നും പുറത്ത് പോയതിന് ശേഷം വന്ന തങ്ങളുടെ സർക്കാർ അതെല്ലാം ശരിയാക്കിയെന്നും വൈസ് പ്രസിഡന്റഅ അവകാശപ്പെട്ടു. ട്രംപ് കാലത്തെ പൊതുജനാരോഗത്തിലെ വീഴ്ചകളും കമലഹാരിസ് ചൂണ്ടിക്കാട്ടി.

2021 ജനുവരി ആറിന് നടന്ന ക്യാപിറ്റൽ ആക്രമണം എടുത്തിട്ട് കമല ഹാരിസ് ട്രംപിനെ നേരിട്ടു. സുതാര്യവും സമാധാനപരവുമായ അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴായിരുന്നു കമലയുടെ ആക്രമണം. “ആഭ്യന്തരയുദ്ധത്തിന് ശേഷം യുഎസിൻ്റെ ജനാധിപത്യത്തിന് നേരെയുള്ള ഏറ്റവും മോശമായ ആക്രമണം” എന്ന് അമേരിക്കന്‍ പാർലമെന്റിന് നേരെ നടന്ന ആക്രമണത്തെ കമല ഹാരിസ് വിശേഷിപ്പിച്ചു. കുടിയേറ്റം, വംശം, മതപരമായ അസഹിഷ്ണുത, വിദ്വേഷ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കടുത്ത ധ്രുവീകരണം നേരിടുന്നു. അമേരിക്കൻ സമൂഹത്തിൽ ഇത്തരം ഭിന്നത സൃഷ്ടിച്ചതിന് പ്രധാന കാരണക്കാരന്‍ ട്രംപ് ആണെന്നും അവർ കുറ്റപ്പെടുത്തി.

ബൈഡൻ ഭരണകൂടത്തിന്റെ കുടിയേറ്റനയങ്ങളെ ട്രംപ് നിശിതമായ ഭാഷയിൽ വിമർശിച്ചു. അനധികൃത കുടിയേറ്റക്കാർ അമേരിക്കയുടെ ക്രമസമാധാനത്തിന് വെല്ലുവിളിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അതിർത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ ട്രംപ് വിമർശിച്ചു. കുടിയേറ്റക്കാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ട്രംപിന്റെ പല പരാമർശങ്ങളും. യുഎസ് സംസ്ഥാനമായ ഒഹിയോയിൽ പുതിയ ഹെയ്തിയൻ കുടിയേറ്റക്കാർ പ്രദേശവാസികളുടെ “പൂച്ചകളെ തിന്നുന്നു” എന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു.

“സ്പ്രിംഗ്ഫീൽഡിൽ, അവർ നായ്ക്കളെ തിന്നുന്നു. അതിർത്തി കടന്നെത്തിയവർ പൂച്ചകളെ തിന്നുന്നു, അവർ അവിടെ താമസിക്കുന്ന ആളുകളുടെ വളർത്തുമൃഗങ്ങളെ തിന്നുന്നു. ഇതാണ് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്.”

More Stories from this section

family-dental
witywide