അതേ അത് ഡോണൾഡ് ട്രംപാണ്… അമേരിക്കയുടെ അടുത്ത പ്രസിഡൻ്റ് . 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ട്രംപിന് 3 വോട്ടുകൾ കൂടി മതി. അത് ഉടൻ തന്നെ ലഭിക്കുമെന്ന് പൂർണമായും ഉറപ്പാണ്. അമേരിക്കയുടെ 47ാം പ്രസിഡൻ്റായി ട്രംപ് എന്ന 78 വയസ്സുകാരൻ റിപ്പബ്ളിക്കൻ വീണ്ടും വൈറ്റ് ഹൌസിൽ എത്തുമ്പോൾ അതും ചരിത്രമാകും. തുടർച്ചയായി അല്ലെങ്കിലും രണ്ടു തവണ അമേരിക്കയുടെ പ്രസിഡൻ്റ് പദത്തിലേക്ക് എത്തുകയാണ് ട്രംപ്. താൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് വലിയൊരു ദൌത്യം നിറവേറ്റാനാണ് എന്നാണ് ട്രംപ് ഈ രാത്രി തൻ്റെ ആരാധക വൃന്ദത്തോട് പറഞ്ഞത്. ഒരു പുതിയ നക്ഷത്രം ഉദയം ചെയ്തിരിക്കുന്നു എന്ന് ട്രംപ് ആരാധകൻ ശതകോടീശ്വരൻ ഇലോൺ മസ്കും പറഞ്ഞു.
ട്രംപിനെ തടയാൻ ഒരിക്കൽ പോലും കമല ഹാരിസ് എന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിക്ക് ആയില്ല. ഇഞ്ചോടിഞ്ച് എന്ന എല്ലാവരും കരുതിയ തിരഞ്ഞെടുപ്പിൽ ട്രംപ് വ്യക്തമായി തന്നെ മുന്നേറി. ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ഒരിക്കൽ പോലും കമലയ്ക്ക് സ്വാധീന ശക്തിയാകാൻ കഴിഞ്ഞില്ല. ഫലം വന്ന മൂന്നു സ്വിങ് സ്റ്റേറ്റുകളും ട്രംപ് പിടിച്ചു. ബാക്കി നാലിടത്ത് ലീഡ് ചെയ്യുന്നു. റിപ്പബ്ളിക്കൻ കോട്ടകളെല്ലാം ട്രംപ് അതിശക്തമായി നിലനിർത്തി. ജനകീയ വോട്ടുകളിലും ട്രംപുതന്നെയാണ് മുന്നിൽ
സ്ത്രീകൾ കൂട്ടത്തോടെ കമലയെ പിന്തുണയ്ക്കും എന്ന വാദവും പൊളിഞ്ഞു. ബൈഡനു കിട്ടിയ അത്രപോലും പെൺവോട്ടുകൾ കമലയ്ക്കു കിട്ടിയില്ല.
ഈ രാത്രി അമേരിക്ക ഉറങ്ങിയിട്ടില്ല. എങ്ങും വാച്ച് പാർട്ടികളുടെ വിജയ ആഘോഷങ്ങളാണ്.
ഡെമോക്രാറ്റുകളുടെ വാച്ച് പാർട്ടികളിൽ ദുഖം തളംകെട്ടി. ഒരു വനിതയെ അമേരിക്കയുടെ തലപ്പത്ത് ഇരുത്താൻ ഇനിയും അമേരിക്കക്കാർ തയാറല്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
Donald Trump wins as 47th US president