അനാവശ്യമായി ഉപ തെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിക്കരുത്, പൊളിച്ചെഴുതണം തിരഞ്ഞെടുപ്പ് നിയമങ്ങള്‍: ‘പാലക്കാട് മുന്നോട്ട്’

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലാണ്. എന്നാല്‍ അനാവശ്യമായി ഉപതെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്നാവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട് സംഘടന പ്രവര്‍ത്തകര്‍ ഇലക്ഷന്‍ കമ്മീഷന് കത്തയച്ചു.

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന മൂന്നു ഉപതെരഞ്ഞെടുപ്പുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിച്ചാല്‍ ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നുവെന്നും ഒരു സ്ഥാനാര്‍ഥിക്ക് എത്ര മണ്ഡലങ്ങളിലും മത്സരിക്കാമെന്ന നിയമവും, കാലാവധിക്ക് മുമ്പേ മറ്റൊരു മത്സരത്തിന് നില്‍ക്കാമെന്നതും മാറ്റിയെഴുതേണ്ട നിയമങ്ങളാണെന്നും സംഘടനാ പ്രസിഡന്റ് ഡോ.അനുവറുദ്ധീന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങള്‍ താഴെ തട്ടില്‍ നിന്നു പ്രതികരിച്ചു തുടങ്ങിയാലെ ഇതിനൊരു മാറ്റം ഉണ്ടാകുവെന്നും ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മുന്നോട്ട് സംഘടനയിലെ സ്വരാജ് രമണന്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ പി.വിജയന്‍ കെ.എം.പ്രേംകുമാര്‍,പി.ജയരാമന്‍,പി.വിജയന്‍,അബ്ദുല്‍ റഷീദ്,സി.എന്‍.അപ്പുണ്ണി എന്നിവര്‍ സംസാരിച്ചു.

അതേസമയം, പാലക്കാട് മണ്ഡലത്തില്‍ 12 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി), സരിന്‍. പി (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സി. കഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍ വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍.

ചേലക്കരയില്‍ 7 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യു ആര്‍ പ്രദീപ് (സിപിഎം), കെ ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് മുന്‍നിരയിലുള്ള ചേലക്കരയിലെ സ്ഥാനാര്‍ത്ഥികള്‍.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി) എന്നീ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 16 പേരാണ് മത്സരത്തിനിറങ്ങുന്നത്.

More Stories from this section

family-dental
witywide