
ജനീവ: ഭീകരർക്ക് അഭയം നൽകുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ ചരിത്രമുള്ള രാജ്യം മനുഷ്യാവകാശങ്ങളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് പാക്കിസ്ഥാനോട് ഇന്ത്യ. ഞായറാഴ്ച ഇൻ്റർ-പാർലമെൻ്ററി യൂണിയനിൽ (ഐപിയു) ആണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ രൂക്ഷ വിമർശനം. ഐപിയുവിലെ ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച്, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗാണ് സംസാരിച്ചത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ആവർത്തിച്ചു.
“എൻ്റെ രാജ്യത്തിനെതിരെ പാകിസ്ഥാൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ നിരാകരിക്കാൻ ഞാൻ ഈ വേദി ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, ഇന്ത്യൻ ജനാധിപത്യത്തെ മാതൃകയാക്കേണ്ട മാതൃകയായി പലരും കണക്കാക്കുന്നത് എനിക്ക് അഭിമാനകരമാണ്,” ഹരിവംശ് സിംഗ് ഐപിയുവിൽ പറഞ്ഞു.
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന ഐപിയുവിൻ്റെ 148-ാം സമ്മേളനത്തിൽ മറുപടി പറയാനുള്ള ഇന്ത്യയുടെ അവകാശം ഉപയോഗിച്ചാണ് ഹരിവംശ് സിംഗ് പ്രസ്താവനകൾ നടത്തിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ വിവരണങ്ങളും കൊണ്ട് ഐപിയുടെ മഹത്വം ഇല്ലാതാക്കുകയാണ് പാക്കിസ്ഥാൻ എന്ന് ഹരിവംശ് സിംഗ് ചൂണ്ടിക്കാട്ടി. ജമ്മുകശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആരുടെയും ഗൂഢ നീക്കങ്ങൾക്കോ പ്രചാരണങ്ങൾക്കും ഈ വസ്തുതയെ മറികടക്കാൻ കഴിയില്ല. മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുമെന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാൻ, ‘ഭീകര ഫാക്ടറികൾ’ അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.