ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്ര- പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീം കോടതിയില്‍ വാദം നടക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബംഗാള്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ കപില്‍ സിബലും തമ്മിലുള്ള ചൂടേറിയ വാക്കുതര്‍ക്കത്തിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്.
പ്രകോപനപരമായ പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന് മറുപടിയായി, ‘ആരും ഒരു പ്രസ്താവനയും നടത്തരുതെന്നും പശ്ചിമ ബംഗാള്‍ മന്ത്രിയുടെ പ്രസ്താവന ഞങ്ങളുടെ പക്കലുണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും, ആരെങ്കിലും നേതാവിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ വിരല്‍ വെട്ടിക്കളയുമെന്നാണ് മന്ത്രി പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിന് മറുപടിയായി സിബല്‍ എടുത്തുകാട്ടിയത് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പ്രസ്താവനയായിരുന്നു. വെടിവയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സിബല്‍ വ്യക്തമാക്കി. അപ്പോള്‍ ‘ദയവായി ഇതിനെ രാഷ്ട്രീയവത്കരിക്കരുത്, നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി വ്യക്തമാക്കി.