‘ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട’, ചന്തക്കുന്നിൽ തന്നെ അൻവറിന് മറുപടിയുമായി സിപിഎം; കക്കാടംപൊയില്‍ പാര്‍ക്കടക്കം ചൂണ്ടികാട്ടി വിജയരാഘവന്‍റെ വിമർശനം

മലപ്പുറം: സി പി എം ബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങൾ അഴിച്ചുവിട്ട പി വി അൻവറിന് മലപ്പുറം ചന്തക്കുന്നിൽ തന്നെ മറുപടിയുമായി സിപിഎം. നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് ചന്തക്കുന്നില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം സിപിഎം പിബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ആയിഷയടക്കമുള്ളവരെ വേദിയിലിരുത്തി നടത്തിയ യോഗത്തിൽ അൻവറിന്‍റെ ആരോപണങ്ങൾക്ക് വിജയരാഘവനടക്കമുള്ള നേതാക്കൾ മറുപടി നൽകി. ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്നാണ് എ വിജയരാഘവൻ പറഞ്ഞത്.

മാധ്യമങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് യോഗം ഉദ്ഘാടനം ചെയ്ത എ വിജയരാഘവൻ പ്രസംഗിച്ചത്. വർഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ തുടർഭരണമുണ്ടായി. സർക്കാരിനെതിരെ കള്ളം പറയാൻ മാത്രം ശമ്പളം കൊടുത്ത് മാധ്യമ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും വിജയരാഘവൻ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരാളെ കിട്ടിയെന്ന് ആഘോഷിക്കുകയാണോയെന്നും വിജയരാഘവൻ ചോദിച്ചു.

‘കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണമൊക്കെ മാധ്യമങ്ങള്‍ മറന്നോ? കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ അന്‍വറിന്റെ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട് പോളണ്ട് എന്ന് പറയരുത് എന്ന് ശ്രീനിവാസന്‍ പറയും പോലെ ആണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനം, കള്ളക്കടത്ത്, കുഴല്‍പ്പണം, മണലടിക്കുക ഇതെല്ലാം നടത്തണം എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇ എന്‍ മോഹന്‍ദാസിനെ ആര്‍എസ്എസുകാരനാക്കിയപ്പോഴാണ് അന്‍വര്‍ ഏറ്റവും ചെറുതായത്’ ‘ – വിജയരാഘവൻ പറഞ്ഞു.

ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷൻ പറഞ്ഞു. അൻവറിനെ നെഞ്ചോട് ചേർത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാർട്ടിക്കെതിരെ അധിക്ഷേപങ്ങൾ ചൊരിയാൻ തുടങ്ങിയാൽ അതിനെ വക വെച്ച് തരില്ല. നിലമ്പൂരിലെ വികസനങ്ങൾ പുത്തൻ വീട്ടിൽ തറവാട്ടിൽ നിന്ന് കൊണ്ട് വന്നതല്ല. മാസങ്ങളോളം ആഫ്രിക്കയിൽ പോയി കിടക്കുമ്പോഴും അൻവറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും ഇ പത്മാക്ഷൻ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഇ പത്മാക്ഷൻ പറഞ്ഞു.

More Stories from this section

family-dental
witywide