മുംബൈ: അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ബര്‍ഗര്‍ കിങ്’ പൂനെയിലെ റസ്റ്റോറന്റിനെതിരെ നടത്തുന്ന ട്രേഡ് മാര്‍ക്ക് നിയമ യുദ്ധത്തില്‍ ഇടക്കാല ‘ആശ്വാസം’. ബര്‍ഗര്‍ കിങ് എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പൂനെയിലെ റസ്റ്റോറന്റിനെ താത്കാലികമായി തടയുന്ന വിധിയാണ് ബോംബൈ ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ചത്. കേസില്‍ വാദം കേട്ട് തീര്‍പ്പാക്കും വരെയാണ് താത്കാലിക വിലക്ക് തുടരുക.
ബര്‍ഗര്‍ കിങ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പൂനെ റസ്റ്റോറന്റിനെതിരെ കമ്പനി നേരത്തെ പൂനെയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 1992 മുതല്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റാണ് ഇതെന്നും അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ബര്‍ഗര്‍ കിങ് അക്കാലത്ത് ഇന്ത്യയില്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതിനെതിരെ ബര്‍ഗര്‍ കിങ് ബോംബൈ ഹൈക്കോടതിയെ സമീപിച്ചാണ് ഇപ്പോള്‍ ഇടക്കാല വിധി നേടിയത്. യുഎസിലെ ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന്‍.