ഡൽഹി: ലോക്സഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി എംപി. മോദിയുടെ പ്രസംഗം ബോറടിപ്പിച്ചുവെന്നും ഒരു ദിവസം രണ്ട് കണക്ക് ക്ലാസിലിരുന്ന അവസ്ഥയാണ് സമ്മാനിച്ചതെന്നും പ്രിയങ്ക പരിഹസിച്ചു. അമിത് ഷായ്ക്കും ജെ.പി നദ്ദയ്ക്കും ബോറടിച്ചതായി അവരുടെ ശരീരഭാഷ വ്യക്തമാക്കിയെന്നും പ്രിയങ്ക പറഞ്ഞു.
പുതിയതോ ക്രിയാത്മകോ ആയതൊന്നും പറഞ്ഞില്ല. നദ്ദ ജി കൈകള്‍ കൂട്ടിത്തിരുമ്മുകയായിരുന്നു. മോദി അദ്ദേഹത്തെ നോക്കിയ ഉടനെ, അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കുന്നതുപോലെ അഭിനയിക്കാന്‍ തുടങ്ങി. അമിത് ഷായും കൈയില്‍ തല താങ്ങിവെച്ചിരിക്കുകയായിരുന്നു. പീയൂഷ് ജി ഉറങ്ങാന്‍ പോവുന്ന അവസ്ഥയിലായിരുന്നു, പ്രിയങ്ക പരിഹസിച്ചു.
അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ അദാനിയെ കുറിച്ച് ഒരു സംവാദമെങ്കിലും പ്രധാനമന്ത്രി നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ലോക്സഭയിൽ ഭരണഘടന ചർച്ചക്ക് തുടക്കമിട്ട് കേന്ദ്രമന്ത്രി രാജനാഥ് സിങ് നടത്തിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കന്നി പ്രസംഗത്തിൽ ചുട്ട മറുപടിയാണ് പ്രിയങ്ക ഗാന്ധി നൽകിയത്. പ്രജകളുടെ സ്ഥിതിയറിയാൻ വേഷം മാറി നടന്ന രാജാവിന്റെ കഥ കുട്ടിക്കാലത്ത് കേട്ടത് പറഞ്ഞ പ്രിയങ്ക ഇന്നത്തെ രാജാവും വേഷം മാറുന്നുണ്ടെന്ന് പറഞ്ഞു.
ജനങ്ങൾക്കിടയിലേക്ക് പോകാനോ അവരെക്കുറിച്ച് ചിന്തിക്കാനോ ധൈര്യമില്ലെന്ന് പറഞ്ഞ പ്രിയങ്ക ലോക്സഭയെ ചിരിപ്പിച്ചു. പ്രതിപക്ഷത്തു നിന്ന് ആരെങ്കിലും ഭരണപക്ഷത്തേക്ക് പോയാൽ എല്ലാം കഴുകിക്കളയുന്ന വാഷിങ് മെഷീൻ അവരുടെ കൈയിൽ ഉള്ള കാര്യം ജനങ്ങൾക്കറിയാമെന്ന് പറഞ്ഞു. പ്രതിപക്ഷത്തെ അഴുക്ക് ഭരണപക്ഷത്തിന് ശുദ്ധമാണ്. അപ്പുറത്തേക്ക് പോയ പല കൂട്ടുകാരെയും ബി.ജെ.പിയുടെ വാഷിങ് മെഷീനിലിട്ട ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് പ്രിയങ്ക പരിഹസിച്ചു.