കാനഡയിലെ ഹോട്ടലിൽ ജോലി തേടി എത്തിയത് നൂറോളം ഇന്ത്യൻ വിദ്യാർഥികൾ; പ്രതിസന്ധി വ്യക്തമാക്കുന്ന വീഡിയോ

കാനഡയിലെ ടിം ഹോർട്ടൻ്റെ ഔട്ട്‌ലെറ്റിൽ നടന്ന ജോബ് ഫെയർറിൽ നൂറിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ നീണ്ടനിര രാജ്യത്തെ തൊഴിൽ വിപണിയുടെ പ്രതിസന്ധിയെ സൂചിപ്പിക്കുന്നതായിരുന്നു. ടൊറൻ്റോയിലെ ഇന്ത്യൻ വിദ്യാർത്ഥി നിഷാത്ത് ആണ് നഗരത്തിൽ പാർട്ട് ടൈം ജോലി തേടി മാസങ്ങളോളം ചെലവഴിച്ച അപേക്ഷകരുടെ നീണ്ട ക്യൂവിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിഷാതിന് കാനഡയിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചിട്ടില്ല.

ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടാണ് താൻ ടിം ഹോർട്ടന്റെ ജോബ് ഫെയറിന് പോയത്. 30 മിനിറ്റിന് മുമ്പ് തന്നെ താൻ ജോബ് ഫെയർ നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, ഒരു നീണ്ട വരിയാണ് അവിടെ തന്നെ വ​രവേറ്റതെന്ന് നിഷാത് പറയുന്നു.

രണ്ട് ഡോളർ മുടക്കി സി.വി പ്രിന്റെടുത്താണ് അവിടേക്ക് പോയത്. നൂറോളം വിദ്യാർഥികളാണ് അവിടെ ഉണ്ടായിരുന്നത്. തങ്ങളിൽ നിന്നും സി.വി വാങ്ങിവെച്ചതിന് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അറിയിക്കാമെന്ന് മറുപടിയാണ് ഹോട്ടലിൽ നിന്നും ലഭിച്ചതെന്നും നിഷാത് പറഞ്ഞു. ഇതിന് ശേഷം റസ്റ്ററന്റ് ശൃംഖലയുടെ മറ്റൊരു ഔട്ട്​ലെറ്റിലും ഇൻർവ്യൂ ഉണ്ടെന്നും അതിന് വേണ്ടി താൻ പോവുകയാണെന്നും വിഡിയോയിൽ നിഷാത് പറയുന്നുണ്ട്.

ജൂൺ 12ന് നിഷാത് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ ഇതോടകം ഒരു മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കാനഡയിൽ ജോലി കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഇൻസ്റ്റഗ്രാം റീലിന് വന്ന കമന്റുകളിലൊന്ന്. കാനഡയിൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.