‘ഹൃദയം’തൊട്ട വലിയ മനുഷ്യന്‍, പ്രമുഖ കാര്‍ഡിയാക് സര്‍ജന്‍ ഡോ എം.എസ് വല്യത്താന്‍ അന്തരിച്ചു

ബംഗളൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.എം.എസ് വല്യത്താന്‍ വിടവാങ്ങി. 90 വയസ്സായിരുന്നു. മണിപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാല്‍ യൂണിവേഴ്‌സിയുടെ ആദ്യ വി.സിയുമായിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡോ.വല്യത്താന്‍ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലോകത്തിന് കേരളത്തിന്റെ അഭിമാനകരമായ സംഭാവനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃത്രിമ വാല്‍വുകളുടെ നിര്‍മാണ പ്രക്രിയയില്‍ ഡോ. വല്യത്താന്‍ വഹിച്ച പങ്ക് വളരെവലുതാണ്. വിദേശത്തുനിന്ന് വലിയ തുക മുടക്കി വാങ്ങിയിരുന്ന വാല്‍വുകള്‍ ശ്രീചിത്തിരയില്‍ തന്നെ കുറഞ്ഞവിലയില്‍ നിര്‍മിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വലിയ വിജയമായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1956-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് ഹൃദയ ശസ്ത്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നും മികച്ച പരിശീലനം നേടി.

മാവേലിക്കരയിലെ സര്‍ക്കാര്‍ സ്‌കൂളിലും കേരളസര്‍വകലാശാലയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പഠിച്ച് വളര്‍ന്ന തന്റെ സേവനം ഈ നാടിനുതന്നെ നല്‍കണമെന്ന ആഗ്രഹത്തോടെയാണ് വിദേശത്തുനിന്നും പരിശീലനം നേടിയ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

രാജ്യം അദ്ദേഹത്തിന് പത്മ ശ്രീയും പത്മവിഭൂഷണും നല്‍കി അദരിച്ചിരുന്നു. മാവേലിക്കര രാജകുടുംബാംഗമാണ്.

More Stories from this section

family-dental
witywide