കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതിയും സഹപാഠിയുമായ കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ. റുവൈസിന്റെ പി.ജി. പഠനം ഹൈക്കോടതി തടഞ്ഞു. റുവൈസിന് പഠനം തുടരാമെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
റുവൈസിന്റെ സസ്‌പെന്‍ഷന്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാന്‍ കോളജ് തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
മാര്‍ച്ച് 14നാണ് റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കി ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവും കോടതി സ്റ്റേ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെങ്കിലും ഫലത്തില്‍ കേസ് തന്നെ അവസാനിക്കുന്ന സ്ഥിതിയാണ് അതുണ്ടാക്കുന്നത് എന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഡിസംബറിലാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹന കുറിച്ചിരുന്നു. ഷഹനയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പുറമെ സ്ത്രീധന നിരോധനനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്.