വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാശി വിശ്വനാഥ് ധാമിലെ പോലീസുകാര്‍ക്ക് യൂണിഫോം ഒഴിവാക്കി പകരം ധോത്തികള്‍ ധരിക്കാം. പുതിയ വസ്ത്രധാരണത്തിനു പുറമേ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ദേഹത്തു തൊടാതെയുള്ള രീതിയും പരീക്ഷിക്കും. അങ്ങനെ അടിമുടി മാറാന്‍ ഒരുങ്ങുകയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിയുള്ള പോലീസുകാര്‍. 2018-ലും ഇതുമായി ബന്ധപ്പെട്ട് ഒരു പരീക്ഷണം നടന്നിരുന്നു.
ക്ഷേത്രം ഭാരവാഹികള്‍ പറയുന്നതനുസരിച്ച്, പുരുഷ ഉദ്യോഗസ്ഥര്‍ പുരോഹിതന്മാരോട് സാമ്യമുള്ള ധോത്തിയും ദുപ്പട്ടയും ധരിക്കുകയും വനിതാ ഉദ്യോഗസ്ഥര്‍ സല്‍വാറും ധരിക്കും. മാത്രമല്ല, ഡ്യൂട്ടിക്ക് കയറുംമുമ്പ് ഈ ഉദ്യോഗസ്ഥര്‍ ഭക്തരുമായുള്ള പെരുമാറ്റവും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് വിധേയരാവുകയും വേണം. പുതിയ വസ്ത്രധാരണത്തിനു പുറമേ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ‘ദേഹത്ത് തൊടാതെ’യുള്ള നിയന്ത്രണമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പോലീസ് ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ഭക്തര്‍ക്ക് പലപ്പോഴും അനാദരവ് അനുഭവപ്പെടുന്നതായി പോലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. ഭക്തരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പോലീസ് യൂണിഫോമുമായി ബന്ധപ്പെട്ട നിഷേധാത്മക ധാരണകള്‍ ഒഴിവാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് വിശദീകരണം.
ക്ഷേത്ര പൂജാരിമാര്‍ ഭക്തരോട് ഇടപഴകുമ്പോള്‍ അവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാറുണ്ടെന്നും സമാന പ്രവര്‍ത്തനങ്ങള്‍ ഭക്തര്‍ കൂടുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശകരുടെ സുഖകരമായ അനുഭവം ഉറപ്പാക്കുന്നതിനുമുള്ള വഴികളും കണ്ടെത്തുന്നുണ്ടെന്ന് സിപി അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. വിഐപികളുടെ സഞ്ചാരത്തിന് വഴിയൊരുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഭക്തരെ ശാരീരികമായി നീക്കുകയോ ക്യൂ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. പകരം, ശാരീരിക ബന്ധമില്ലാതെ ഭക്തരെ മറ്റ് ദിശകളിലേക്ക് നയിക്കാന്‍ കയര്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.