എടവണ്ണപ്പാറയില്‍ 17കാരിയുടെ മരണം: നിർണായക വഴിത്തിരിവ്, പുഴയിൽനിന്ന് വസ്ത്രങ്ങൾ കണ്ടെത്തി

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിന് പിന്നാലെ, മുങ്ങൽ വിദഗ്‌ധർ നടത്തിയ തിരച്ചിലിൽ ചുരിദാർ ടോപ്പും ഷാളും കണ്ടെത്തി. മൃതദേഹം കിടന്നതിനു സമീപത്തുനിന്നാണ് വസ്ത്രങ്ങൾ കണ്ടെടുത്തത്. പെൺകുട്ടിയുടേത് മുങ്ങിമരണമല്ലെന്ന് ദൃക്സാക്ഷിയും കുടുംബവും ആരോപിച്ചിരുന്നു. പിന്നാലെ, കുട്ടിയുടെ കരാട്ടെ പരിശീലകൻ അറസ്റ്റിലായി. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരമാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ‌‌ഇയാൾ നേരത്തെയും പോക്സോ കേസിൽ പിടിയിലായിരുന്നു. കരാട്ടെ മാസ്റ്ററിൽ നിന്ന് നേരിട്ട പീഡനം പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഉദ്യോ​ഗസ്ഥരെ അയച്ചിരുന്നു. തുടർന്ന് കൊണ്ടോട്ടി പൊലീസിന് പരാതി കൈമാറി. പൊലീസ് കുട്ടിയുടെ മൊഴിയെടുക്കാൻ വന്നെങ്കിലുംസംസാരിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെൺകുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മേൽവസ്ത്രമുണ്ടായിരുന്നില്ല. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.

dress found in Chaliyar river after mysterious death of 17 year old girl

More Stories from this section

family-dental
witywide