
കൊച്ചി: വളർത്തുനായ കുരച്ചതിന് ഇതരസംസ്ഥാനക്കാർ ക്രൂരമായി മർദ്ദിച്ച എറണാകുളം സ്വദേശി മരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവർ വിനോദാണ് ചികിത്സയിലിരിക്കെ മരിച്ചത്.
സംഭവത്തിൽ നാല് ഇതര സംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാന സ്വദേശി ദീപക് (26) എന്നിവരാണ് അറസ്റ്റിലായത്. തപാല്‍ വകുപ്പിലെ ജീവനക്കാരാണ് നാലുപേരും.
ഇക്കഴിഞ്ഞ മാർച്ച് 25നാണ് സംഭവം നടന്നത്. മുല്ലശേരി കനാല്‍ റോഡിലുള്ള വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചപ്പോൾ പ്രതികളിലൊരാള്‍ ചെരുപ്പ് കൊണ്ട് നായയെ എറിഞ്ഞു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള ഓക്സിജൻ എത്തുന്നത് തടസപ്പെടുകയായിരുന്നു.