
ന്യൂഡൽഹി: 2023 ഒക്ടോബർ 29 ന് 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ രണ്ട് പാസഞ്ചർ ട്രെയിനുകളിലൊന്നിൻ്റെ ഡ്രൈവറും അസിസ്റ്റൻ്റ് ഡ്രൈവറും അപകടസമയത്ത് ഫോണിൽ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വെളിപ്പെടുത്തൽ
ഹൗറ-ചെന്നൈ റൂട്ടിൽ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ വച്ച് രായഗഡ പാസഞ്ചർ വൈകിട്ട് 7 മണിക്ക് വിശാഖപട്ടണം പലാസ ട്രെയിനിൽ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ 50 ഓളം യാത്രക്കാർക്ക് പരുക്കേറ്റു.
ഇന്ത്യൻ റെയിൽവേയുടെ പുതിയ സുരക്ഷാ നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ആന്ധ്രാ ട്രെയിൻ അപകടത്തെക്കുറിച്ച് പരാമർശിച്ചത്.
‘‘അടുത്തകാലത്ത് ആന്ധ്രപ്രദേശിലുണ്ടായ അപകടത്തിനു കാരണം ലോക്കോ പൈലറ്റും കോ പൈലറ്റും ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതാണ്. ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിൻ ഓടിക്കുന്നതിൽ തന്നെയാണെന്ന് ഉറപ്പുവരുത്തിനും, ഏതെങ്കിലും തരത്തിൽ ശ്രദ്ധ പാളുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനുമായി പ്രത്യേക സംവിധാനങ്ങൾ സ്ഥാപിക്കും’’ വാർത്താ ഏജൻസിയായ പിടിഐയോട് മന്ത്രി പറഞ്ഞു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ അപകടം ഉണ്ടാകുമ്പോഴും കൃത്യമായി പരിശോധിച്ച് കാരണങ്ങൾ കണ്ടെത്തി അത് ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.