രാഷ്ട്രപതിയായി രണ്ടു വര്‍ഷം, ഇന്ന് ‘അധ്യാപിക’; കുട്ടികള്‍ക്ക് പരിസ്ഥിതിയെക്കുറിച്ച് നല്ലപാഠം ചൊല്ലി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി ദ്രൗപതി മുര്‍മു. ഇതിന്റെ ഭാഗമായി കുട്ടികളുമായി സംവദിക്കാനും അവര്‍ക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസെടുക്കാനും സമയം കണ്ടെത്തിയിരിക്കുകയാണ് രാഷ്ട്രപതി.

ഡല്‍ഹിയിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചുക്കൊണ്ട് അധ്യാപികയുടെ വേഷം ഏറ്റെടുത്ത ദ്രൗപതി മുര്‍മു ആഗോളതാപനം പോലുള്ള വിഷയങ്ങളും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചും അറിവ് പങ്കുവെച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സുപ്രധാന നടപടികളായി ജലസംരക്ഷണത്തിന്റെയും വനവല്‍ക്കരണത്തിന്റെയും പ്രാധാന്യം എടുത്തുകാട്ടി. കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണം, ജലം പാഴാകുന്നത് കുറയ്ക്കാനും മഴവെള്ള സംഭരണത്തിലൂടെ ജലം സംരക്ഷിക്കാനും നടപടിയെടുക്കണമെന്നും രാഷ്ട്രപതി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. വായു മലിനീകരണത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള പ്രായോഗിക വഴികളെക്കുറിച്ചും അവര്‍ കുട്ടികളുമായി സംസാരിച്ചു.

‘നിങ്ങളുമായി ഇടപഴകുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു. നിങ്ങളില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു, ആഗോളതാപനത്തിന്റെ ആഘാതത്തെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം, നിങ്ങള്‍ വലുതാകുമ്പോള്‍ ആഗോളതാപനം കുറയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ പ്രസിഡന്റ് മുര്‍മു പറഞ്ഞു.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ 1958 ജൂണ്‍ 20 ന് ജനിച്ച മുര്‍മു 2022 ജൂലൈ 25 നാണ് ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതിയാകുന്നതിന് മുമ്പ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു.

More Stories from this section

family-dental
witywide