ന്യൂഡല്‍ഹി: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്ത സൈനികന്‍ ബര്‍ത്തില്‍ മൂത്രമൊഴിച്ചെന്നും ഉറങ്ങിക്കിടക്കുമ്പോള്‍ അത് തന്റെ മേല്‍ വീണെന്നും യുവതിയുടെ പരാതി. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് ഛത്തീസ്ഗഡിലെ ദുര്‍ഗിലേക്ക് പോവുകയായിരുന്ന ഗോണ്ട്വാന എക്സ്പ്രസിലാണ് യാത്രക്കാരിക്ക് മോശം അനുഭവം ഉണ്ടായത്.
ട്രെയിനിന്റെ ബി-9 കോച്ചില്‍ ബര്‍ത്ത് നമ്പര്‍ 24ലാണ് സൈനികന്‍ യാത്ര ചെയ്തതെന്നും താഴെയുള്ള ബര്‍ത്ത് നമ്പര്‍ 23 ലാണ് താന്‍ യാത്ര ചെയ്തതെന്നും യുവതി പറഞ്ഞു. ബര്‍ത്തില്‍ ഇരുന്ന സൈനികന്‍ മൂത്രമൊഴിക്കുകയും അത് തന്റെ മേല്‍ വീണുവെന്നുമാണ് യുവതി പറയുന്നത്. മാത്രമല്ല, 7 വയസ്സുള്ള കുട്ടിയ്‌ക്കൊപ്പം യാത്ര ചെയ്യവേയാണ് ഈ മോശം അനുഭവം ഉണ്ടായതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിനു ശേഷം പരിഭ്രാന്ത്രിയിലായ ഛത്തീസ്ഗഢ് സ്വദേശിനി ഉടന്‍ തന്നെ ഭര്‍ത്താവിനെ വിവരമറിയിക്കുകയും തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, ആര്‍പിഎഫ് ഉടനെ പ്രതികരിച്ചില്ലെന്നും യുവതി പറഞ്ഞു. അന്വേഷണത്തിനെത്തിയവര്‍ സൈനികനെതിരെ നടപടിയെടുത്തില്ലെന്നും യുവതി പറയുന്നു.
എന്നാല്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ പരാതിക്കാരിയെ കാണാത്തതുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നാണ് ആര്‍പിഎഫ് പ്രതികരണം.