‘ദർബാർ അപ്രസക്തമായി’, രാഷ്ട്രപതി ഭവനിലും പേര് മാറ്റം; ‘ഷഹൻഷാ’ സങ്കൽപ്പമുണ്ടല്ലോയെന്ന് പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ദില്ലി: രാഷ്ട്രപതി ഭവനിലും വിവാദമായി പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍റെ അകത്തുള്ള രണ്ട് ഹാളുകളുടെ പേര് മാറ്റിയതാണ് പുതിയ വിവാദത്തിന് കാരണം. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്‍റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്‍റെ പേര് അശോക് മണ്ഡപ് എന്നുമാക്കിയാണ് മാറ്റിയത്. രണ്ട് ഹാളുകളുടെയും പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഔദ്യോഗിക വിജ്‍ഞാപനവും ഇറക്കിയതോടെയാണ് വിവാദം കനത്തത്.

രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ ആ വാക്കിന്‍റെ പ്രസക്തി നഷ്ടപ്പെട്ടു എന്നുമാണ് വിജ്‍ഞാപനത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നത്. ഇതോടെ പരിഹാസവും വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. ദർബാറെന്ന സങ്കൽപ്പമില്ലെങ്കിലും ഷഹൻഷാ (ചക്രവർത്തി) എന്ന സങ്കൽപ്പമുണ്ടല്ലോ എന്ന് പരിഹസിച്ചുകൊണ്ട് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കളും രാഷ്ട്രപതി ഭവനിലെ പേരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.