ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി തൻ്റെ ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കയിലെ ഡാലസിൽ പല കൂട്ടായ്മകളുമായും വിദ്യാർഥികളുമായും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംവാദങ്ങളിൽ നിന്ന്….
തൊഴിലില്ലായ്മ
പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയും തൊഴിലില്ലായ്മ എന്ന വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, തൊഴിലില്ലായ്മയെ ചെറുക്കുന്നതിന് ഇന്ത്യ ഉൽപ്പാദനം വർദ്ധിപ്പിക്കണം. പല രാജ്യങ്ങളും തൊഴിലില്ലായ്മയുമായി പൊറുതിമുട്ടുമ്പോൾ ചൈനയും വിയറ്റ്‌നാമും പോലുള്ള ചില രാജ്യങ്ങൾ അത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നില്ല.
ആഗോള ഉൽപാദനത്തിലെ ചരിത്രപരമായ മാറ്റങ്ങളെ കുറിച്ച് രാഹുൽ സംസാരിച്ചു. .1950 – 60 കാലഘട്ടത്തിൽ അമേരിക്കയായിരുന്നു ആഗോള ഉൽപാദനത്തിന്റെ കേന്ദ്രം. യുഎസിൽ നിന്ന് അത് ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും മാറി. ഇന്ന്, ചൈനയാണ് ആഗോള ഉൽപ്പാദനത്തിൽ ആധിപത്യം പുലർത്തുന്ന രാജ്യം. ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും ചൈനയുടെ നല്ല വിപണിയായി മാറി.
“വ്യാവസായിക ഉൽപ്പാദനത്തോടുള്ള സമീപനം ഇന്ത്യ പുനർവിചിന്തനം ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജനാധിപത്യ തത്വങ്ങളിൽ ഊന്നിയ ഉൽപാദന നയം ഇന്ത്യ വികസിപ്പിക്കേണ്ടതുണ്ട്.” -രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയും സ്നേഹത്തിന്റെ കടയും
ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തെക്കുറിച്ചുള്ള തൻ്റെ ചിന്താഗതി തന്നെ മാറ്റിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ഭാരത് ജോഡോ യാത്ര എൻ്റെ ജോലിയെക്കുറിച്ചുള്ള ചിന്തയെ അടിസ്ഥാനപരമായി മാറ്റിമറിച്ചു. രാഷ്ട്രീയ വ്യവഹാരത്തിൽ സ്നേഹം എന്നത് എത്ര പ്രധാനമാണ് എന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു. രാഷ്ടീയത്തിലെ സ്നേഹം എന്ന തലം ആഗോള തലത്തിൽ പോലെ ഇതുവരെ ചർച്ചചെയ്യപ്പെട്ടിട്ടില്ല. ഞാൻ ആ ആശയത്തിൻ്റെ വക്താവാണ്. അതെൻ്റെ രാഷ്ട്രീയ ചിന്താഗതിയെ ആകെ പുനർനിർമിച്ചിട്ടുണ്ട്.” രാഹുൽ പറഞ്ഞു.
ഇന്ത്യയിലെ വിദ്യാഭ്യാസത്തെയും സ്കില്ലുകളെയും ( നൈപുണ്യ ശേഷി) കുറിച്ച് സംസാരിച്ച രാഹുൽ, യഥാർത്ഥ പ്രശ്‌നം കഴിവുകളുടെ അഭാവമല്ല, മറിച്ച് നൈപുണ്യമുള്ള വ്യക്തികളോടുള്ള ആദരവിൻ്റെ അഭാവമാണെന്ന് അഭിപ്രായപ്പെട്ടു. വൈദഗ്ധ്യമുള്ളവരോട് ഇന്ത്യക്ക് ബഹുമാനമില്ല. വിദ്യാഭ്യാസ സമ്പ്രദായവും തൊഴിൽ – വ്യാപാര മേഖലകളും തമ്മിൽ ബന്ധവുമില്ല. “ഞങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായം ബിസിനസ് സമ്പ്രദായവുമായി ബന്ധിപ്പിക്കുന്നില്ല. തൊഴിലധിഷ്ഠിത പരിശീലനത്തിലൂടെ ആ വിടവ് നികത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം” – രാഹുൽ പറഞ്ഞു.
AI-യെ കുറിച്ച് രാഹുൽ
ഓരോ തവണയും ഒരു പുതിയ സാങ്കേതികവിദ്യ വരുമ്പോൾ, അത് തൊഴിൽ ഇല്ലാതാക്കുമെന്ന വാദം ഉന്നയിക്കപ്പെടുന്നു. AI ചില ജോലികളെ ഇല്ലാതാക്കും, എന്നാൽ അത് പുതിയ കുറേ തൊഴിലുകൾ സൃഷ്ടിക്കും. അത് വ്യത്യസ്ത ആളുകളെ വ്യത്യസ്തമായി ബാധിക്കും. നിങ്ങൾ അത് ശരിയായി ഉപയോഗിക്കുകയാണെങ്കിൽ, അത് ഒരു അവസരമാണ്; ഇല്ലെങ്കിൽ, നിങ്ങൾ കുഴപ്പത്തിലാണ്,” ഗാന്ധി വിശദീകരിച്ചു.
യുഎസിലെ ഡാളസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളുമായി നടത്തിയ തത്സമയ സംവാദത്തിലാണ് രാഹുൽ ഗാന്ധി തൻ്റെ പരാമർശം നടത്തിയത്.
ഞായറാഴ്ച ഡാലസിൽ എത്തിയ ഗാന്ധിജിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡയും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ളവരും ഓവർസീസ് കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തെ സ്വാഗതം ചെയ്തു.
During his US visit Rahul Gandhi Talks about unemployment Technology Education