കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച സ്ത്രീപീഡമ-കൊലപാതക കേസായ കൊല്‍ക്കത്ത ഡോക്ടറുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് പിടിയിലായ സഞ്ജയ് റോയി.
ആര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് അറസ്റ്റിലായ പ്രതി സഞ്ജയ് റോയി കോടതിയില്‍ പറഞ്ഞത്. കുറ്റമൊന്നും ചെയ്യാത്ത തന്റെമേല്‍ കുറ്റകൃത്യം അടിച്ചേല്‍പ്പിക്കുകയാണെന്നും നുണപരിശോധനയിലൂടെ ഇക്കാര്യം തെളിയുമെന്നും ഇയാള്‍ പറഞ്ഞു. നുണപരിശോധനയ്ക്ക് എന്തുകൊണ്ടാണ് സമ്മതം നല്‍കുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയവെയാന്‍ താന്‍ നിരപരാധിയാണെന്ന് ഇയാള്‍ പറഞ്ഞത്.
അതേസമയം, പ്രതിക്കൂട്ടിലുള്ള ഇയാള്‍ക്കെതിരെ ശക്തമായ തെളിവാണ് അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. സഞ്ജയ് റോയ് കൃത്യം നടന്ന ദിവസം ആശുപത്രിയില്‍ എത്തുന്നതിന്റെ ദൃശ്യം അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. കൃത്യം നടന്ന സ്ഥലത്തുനിന്നും അന്വേഷണസംഘത്തിന് പ്രതിയുടേതെന്നു കരുതുന്ന ഇയര്‍ഫോണ്‍ കിട്ടിയിരുന്നു. അന്വേഷണസംഘം പുറത്തുവിട്ട ദൃശ്യങ്ങളില്‍ പ്രതിയുടെ കഴുത്തില്‍ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ചുറ്റിയിരിക്കുന്നത് വ്യക്തമാണ്.
ചോദ്യംചെയ്യലിനിടെ സിസിടിവി ദൃശ്യം പ്രതിയെ കാണിച്ചിരുന്നു. പുലര്‍ച്ചെ 1.30നാണ് പ്രതി ആശുപത്രിയില്‍ എത്തുന്നത്. അതിനു മുന്‍പ് കൊല്‍ക്കത്തയിലെ രണ്ട് അനാശാസ്യ കേന്ദ്രങ്ങളില്‍ പ്രതി പോയിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.
സഞ്ജയ് റോയുടെയും മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെയും മറ്റ് അഞ്ചുപേരുടെയും നുണ പരിശോധന നടപടി പുരോഗമിക്കുകയാണ്. സഞ്ജയ് റോയിയുടെ നുണപരിശോധന ജയിലില്‍ വച്ചും മറ്റ് അഞ്ചുപേരുടെയും സിബിഐ ഓഫീസില്‍വച്ചുമാണ് നടക്കുന്നത്.