ഈസ്റ്റ് ഹാർട്ട്ഫോർഡ് (കനക്‌ടികട്ട്): ഇന്ത്യൻ വംശജരായ നരേഷ് കുമാർ (62) ഭാര്യ ഉപ്മ ശർമ്മ (54) എന്നിവരെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ നരേഷ് കുമാർ ഭാര്യ ഉപ്മ ശർമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനുള്ള കാരണം അറിയില്ലെന്നും പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് തോക്ക് കണ്ടെടുത്തു. ഈ തോക്ക് നരേഷ് കുമാറിന്‍റെ പേരിൽ റജിസ്റ്റർ ചെയ്തതാണ്.
റോളിങ് മെഡോ ഡ്രൈവിനും നോൾവുഡ് റോഡിനും ഇടയിലുള്ള ഒരു ഹിൽടോപ്പ് ഫാംസ് ലെയ്‌നിലാണ് കുമാർ നരേഷിന്റെ കൊളോണിയൽ ശൈലിയിലുള്ള വീട്. ഈസ്റ്റ് ഹാർട്ട്ഫോർഡിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന സിൽവർ ലെയ്നിന് സമീപമാണ് സംഭവസ്ഥലം. 2015 നവംബർ 20-നാണ് നരേഷ് ഈ വീട് വാങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.