
ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി നേതാവ് ദിലീപ് ഘോഷിനും ഹിമാചൽ പ്രദേശിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്തിനെതിരെ അധിക്ഷേപകരമായ പരാർമർശം നടത്തിയതിന് സുപ്രിയ ശ്രീനേറ്റിനും തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇരുവരും തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് നോട്ടീസ് അയച്ചത്.
സ്ത്രീകളുടെ അന്തസ്സിനേയും അഭിമാനത്തേയും ചോദ്യം ചെയ്യുന്ന പ്രവൃത്തികളോ തരം താഴ്ന്ന പ്രസ്താവനകളോ പാടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ ഇരുവരും ലംഘിച്ചെന്നും നോട്ടീസിൽ പറയുന്നു. ബംഗാൾ മുഖ്യമന്ത്രിക്കെതിരായ ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ കാര്യത്തിൽ ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസിന്റെ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ മാധ്യമങ്ങളോട് പറഞ്ഞു.
“ദിദി ഗോവയിൽ പോകുമ്പോൾ അവർ ഗോവയുടെ മകളാകുന്നു. ത്രിപുരയിൽ അവർ പറയുന്നു ഞാൻ ത്രിപുരയുടെ മകളാണെന്ന്. ഇത് ശരിയല്ല, ആരാണ് നിങ്ങളുടെ അച്ഛൻ എന്ന് തീരുമാനിക്കൂ,” എന്നായിരുന്നു ദിലീപ് ഘോഷിന്റെ അധിക്ഷേപ പരാമർശം. ഇത് കുറ്റകരവും പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് കണ്ടെത്തിയതായി നോട്ടീസിൽ പറയുന്നു.
തിങ്കളാഴ്ച സമൂഹമാധ്യമമായ എക്സിൽ കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ വിഭാഗം ചെയർപേഴ്‌സൺ സുപ്രിയ ശ്രീനേറ്റ് കങ്കണ റണാവത്തിൻ്റെ ഫോട്ടോ മോശം തലക്കെട്ടോടെ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ചൊവ്വാഴ്ച ബിജെപിയിൽ നിന്ന് പരാതി ലഭിച്ചതായി കമ്മീഷൻ അറിയിച്ചു.