നെയ്‌റോബി: യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഇപി) 2024ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. ഈ വര്‍ഷം ആറുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
2005 മുതല്‍ പ്രചോദനാത്മകമായ രീതിയില്‍ പാരിസ്ഥിതിക മേഖലയില്‍ ഇടപെടല്‍ നടത്തിയിട്ടുള്ള 122 പേരെ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വര്‍ഷങ്ങളായി അദ്ദേഹം മുന്‍പന്തിയിലുണ്ട്. ഗാഡ്ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎന്‍ഇപി പറയുന്നു.