
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎമ്മിന്റെ ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറിയെന്ന് സൂചന. ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും സമാന വിവരങ്ങൾ കൈമാറി. സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് സിപിഎം അക്കൗണ്ട് തുറന്നതെന്നാണു ഇഡിയുടെ കണ്ടെത്തൽ. ഇത്തരം അക്കൗണ്ടുകൾ ബെനാമി വായ്പകൾക്ക് പണം വിതരണം ചെയ്തെന്ന് ഇഡി ആരോപിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി ഓഫിസിനു ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണു സിപിഎമ്മിന്റെ പേരിൽ 5 ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്.
തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ സിപിഎമ്മിന് വിവിധ ബാങ്കുകളിലായി 25 അക്കൗണ്ടുകളുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു. ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
പാർട്ടിയുടെ ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരിൽ വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നും മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായും കണ്ടെത്തിയെന്ന് ഇഡി പറയുന്നു. ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ED handover details of cpm secret accounts to Election commission