ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വീണ്ടും ഇ ഡിയുടെനോട്ടീസ്. മദ്യനയ അഴിമതിക്കേസിൽ ഹാജരാകണമെന്ന് കാട്ടി ഇത് ഏഴാം തവണയാണ് ഇ ഡി കെജ്രിവാളിന് നോട്ടീസ് അയച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ച ഹാജരാകണമെന്നാണ് ഇ ഡിയുടെ നിർദേശം. എന്നാൽ തിങ്കളാഴ്ച ഹാജരാകുമോയെന്ന് കെജ്രിവാൾ അറിയിച്ചിട്ടില്ല. നേരത്തെ ഹാജരാകാനുള്ള ഇ ഡിയുടെ നോട്ടീസുകൾ കെജ്രിവാൾ അവഗണിച്ചിരുന്നു.
അതേസമയം നേരത്തെ ബി ജെ പിയിൽ ചേർക്കാനുള്ള ശ്രമമാണ് ഇ ഡിയുടെ നോട്ടീസുകളെന്നാണ് ദില്ലി മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. ബി ജെ പിയിൽ ചേരാൻ ചിലർ നിർബന്ധിക്കുന്നതായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. എന്ത് ഗൂഢാലോചന നടത്തിയാലും താൻ ഒരിക്കലും ബി ജെ പിയിൽ ചേരില്ലെന്നും, മുട്ടു മടക്കില്ലെന്നും കെജ്രിവാൾ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ജയിലിൽ പോകാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന പരാതി ശക്തമാകുന്നതിനിടെയാണ് ഇ ഡിയുടെ പുതിയ നോട്ടീസ് എത്തിയിരിക്കുന്നത്.
ED issues 7th summons to Delhi CM Arvind Kejriwal in excise policy probe