ദില്ലി: ദില്ലിയിലെ മദ്യനയ കേസിൽ ആം ആദ്മി പാർട്ടിയേയും പ്രതിചേർത്തു. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് എ എ പിയെയും പ്രതി ചേർത്തത്. പാർട്ടിയെ പ്രതിചേർത്ത വിവരം ഇ ഡി സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. അതേസമയം അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജിയിൽ വാദം പൂർത്തിയായതോടെ സുപ്രീം കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്.
മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നേരത്തെ കെജ്രിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. അങ്ങനെ 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കെജ്രിവാൾ പുറത്തിറങ്ങിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം നൽകിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
ED names Arvind Kejriwal, AAP as accused in Delhi excise policy case