ബിഹാറിലും ഇഡി പണി തുടങ്ങി: ആദ്യം പിടിച്ചത് ലാലു പ്രസാദ് യാദവിനെ, 9 മണിക്കൂർ ചോദ്യം ചെയ്തു

മഹാസഖ്യത്തെ അട്ടിമറിച്ച്‌ എൻഡിഎയിൽ ചേർന്ന മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ പ്രഥമ മന്ത്രിസഭായോഗത്തിനുമുമ്പേ ബിഹാറിൽ പ്രതിപക്ഷത്തെ തേടി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) എത്തി.

ഇന്ത്യ കൂട്ടായ്‌മയിലെ പ്രമുഖനും ആർജെഡി തലവനുമായ ലാലു പ്രസാദ്‌ യാദവിനെ ചോദ്യംചെയ്യാൻ ഞായർ വൈകിട്ടാണ്‌ ഡൽഹിയിൽനിന്നുള്ള സംഘം പട്‌നയിൽ എത്തിയത്‌. വൃക്കമാറ്റ ശസ്‌ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ലാലുവിനെ, ജോലിക്കുപകരം ഭൂമിവാങ്ങിയെന്ന ആരോപണത്തിന്റെ പുറത്താണ്‌ ഇഡി ചോദ്യം ചെയ്‌തത്‌. ഭാര്യയും മുൻമുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയുടെ വസതിയിൽനിന്ന്‌ പുറപ്പെട്ട ലാലു തിങ്കൾ പകൽ 11ന്‌ ഇഡി ഓഫിസിലെത്തി. രാത്രി ഒമ്പതോടെ  ചോദ്യം ചെയ്യൽ പൂർത്തിയാക്കി.

ഇത്‌ ബിജെപി സമൻസ്‌ ആണെന്ന്‌ ആർജെഡി നേതാവ്‌ മനോജ് ഝാ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പുവരെ ഇത്തരം നീക്കങ്ങൾ തുടരുമെന്ന്‌ അറിയാമെന്നും അദ്ദേഹം പറഞ്ഞു. നടപടി മനുഷ്യത്വരഹിതമാണെന്നും ലാലുവിന്റെ സഹായിയെ ഓഫീസിലേക്ക്‌ കയറ്റിയില്ലെന്നും കൂടെയുണ്ടായിരുന്ന മകളും രാജ്യസഭാംഗവുമായ മിസ ഭാരതി പറഞ്ഞു. അച്ഛന്‌ സഹായമില്ലാതെ നടക്കാനാകില്ല. ഭക്ഷണംപോലും കഴിക്കാനാകില്ല. ഇഡി ഉദ്യോഗസ്ഥർ ഒന്നും മിണ്ടുന്നില്ല. പൊതുതെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ഭയമാണ്‌–- അവർ പ്രതികരിച്ചു. സിംഹം ഒറ്റയ്‌ക്കാണെങ്കിലും ഭയപ്പെടില്ലെന്നായിരുന്നു മറ്റൊരു മകൾ രോഹിണി ആചാര്യയുടെ പ്രതികരണം. ലാലുവിന്‌ പിന്തുണയുമായി നൂറുകണക്കിന്‌ ആർജെഡി പ്രവർത്തകരും ഇഡി ഓഫീസിന്‌ മുന്നിലെത്തി. മുൻ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവ്‌ ചൊവ്വാഴ്‌ച ഇതേ കേസിൽ ഇഡിക്ക്‌ മുന്നിൽ ഹാജരാകും.

ED questions Lalu Prasad Yadav

More Stories from this section

family-dental
witywide