കൊൽക്കത്തയിൽ പിജി വിദ്യാർഥിനിയായ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ ആർ ജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീടുകളിൽ ഇഡി പരിശോധന. മെഡിക്കൽ കോളജിൽ സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
അഴിമതിയിലൂടെ വാങ്ങിയതെന്ന് കരുതപ്പെടുന്ന വസതികൾ ഉൾപ്പെടെ ഏഴ് ഇടങ്ങളിലാണ് വ്യാഴാഴ്ച ഇ ഡി പരിശോധന നടത്തിയത്. സന്ദീപ് ഘോഷിന്റെയും ഭാര്യയുടെയും വസ്തുക്കളിലായിരുന്നു പരിശോധന.
കഴിഞ്ഞയാഴ്ച കൊൽക്കത്തയിലെ ഒന്നിലധികം സ്ഥലങ്ങളിൽ സന്ദീപ് ഘോഷിൻ്റെയും അദ്ദേഹത്തിൻ്റെ ചില ബന്ധുക്കളുടെയും വീടുകളിൽ പരിശോധന നടത്തിയപ്പോൾ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കണ്ടെത്തിയിരുന്നു. അതിൻ്റെ തുടർച്ചയാണ് ഇന്നത്തെ പരിശോധന.
മുപ്പത്തിയൊന്നുകാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡോ. സന്ദീപ് ഘോഷിൻ്റെ പേരിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സത്യസന്ധതയില്ലായ്മ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവയായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.
ED searches the houses of ex-principal of RG Kar Medical College Sandeep Ghosh