മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന റെയ്ഡിനു ശേഷമാണ് നടപടി.
ഹോട്ട്ഷോട്ട്സ് എന്ന മൊബൈല്‍ ആപ് വഴി അശ്ലീല ഉള്ളടക്കം നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കുന്ദ്രയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. അശ്ലീല വിഡിയോകള്‍ വഴി പണം സമ്പാദിക്കുകയും വിദേശത്തേക്ക് പണം കടത്തുകയും ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
കുന്ദ്രേയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുടെ 98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഈ വര്‍ഷം ആദ്യം ഇ.ഡി കണ്ടുകെട്ടിയിരുന്നു. ശില്‍പയ്ക്ക് അശ്ലീലചിത്രങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമായി ബന്ധമില്ലെന്നാണ് കുന്ദ്ര പറയുന്നത്.
അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചു എന്നാരോപിച്ച് 2021 ജൂണില്‍ കുന്ദ്രയെ അറസ്റ്റിലായിരുന്നു. രണ്ട് മാസത്തിനു ശേഷം സെപ്റ്റംബറിലാണ് ജാമ്യം ലഭിച്ചത്. ഇതേ കേസില്‍ രാജ് കുന്ദ്ര ഫിലിംസിന്റെ ഉദ്യോഗസ്ഥര്‍ക്കു പുറമെ, പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര, ഉമേഷ് കാമത്ത് എന്നിവരും പ്രതികളായിരുന്നു.