വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും ലോക രാഷ്ട്രീയ ഭൂപടത്തിൽ
കൊടുങ്കാറ്റായി മാറിയ കാഴ്ചകൾ നാം പലവട്ടം കണ്ടിട്ടുണ്ട്. ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിൻ്റെ വെടിയേറ്റ് ടിയാനെൻമെൻ ചത്വരത്തിൽ മരിച്ചുവീണ വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ലോകജനതയുടെ ഹൃദയത്തിൽ ഇന്നും ഒരു കണ്ണുനീർ ചുവപ്പാണ്. എന്നാൽ , അവരുടെ പോരാട്ടം നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. ഇന്നും ഹോങ്കോങ്ങിലെ ജനാധിപത്യ നിഷേധത്തിനെതിരേ Ching-Yin Yeung ൻ്റെ നേതൃത്വത്തിൽ അതിശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്നു. അമേരിക്കയിലെ വിഖ്യാതമായ പല ക്യാമ്പസുകളിലും പലസ്തീൻ അനുകൂല ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നു. അസമത്വത്തിനും അനീതിക്കുമെതിരേയുള്ള വിദ്യാർത്ഥികളുടെ രാഷ്ട്രീയമായ കൂടിച്ചേരലുകളും പോരാട്ടങ്ങളും ലോകജനത ആദരവോടെയാണ് എന്നും നോക്കിക്കാണുന്നത്.
എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഇടതുപക്ഷധാരയിൽ സഞ്ചരിക്കുന്ന ഒരു വിദ്യാർത്ഥി സംഘടന കഴിഞ്ഞ കുറേക്കാലമായി എന്താണ് കാണിച്ചു കൊണ്ടിരിക്കുന്നത്? അവർ തങ്ങളുടെ ഗുരുനാഥൻമാർക്കായി ശവപ്പെട്ടികൾ നിർമ്മിക്കുകയും, കസേര കത്തിക്കുകയും അവർക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്നു! വളരെ നാളുകൾക്ക് മുമ്പ് ഒരു പ്രിൻസിപ്പലിൻ്റെ ശവപ്പെട്ടി ഘോഷയാത്ര നടത്തിയ നടപടിയെ ഒരു പുതിയ ‘കലാരൂപം’ (installation) എന്നാണ് പാർട്ടിയിലെ കലാ ചിന്തകനായ സഖാവ് വിശേഷിപ്പിച്ചത്. അപ്പോൾ ശരിയായ ചികിത്സ വേണ്ടത് തായ് വേരിന് തന്നെയാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു.
ഈ ചികിത്സ വൈകിയതിൻ്റെ മറ്റൊരുദാഹരണമാണ് തൻ്റെ യാത്രാമദ്ധ്യേ പ്രതിഷേധിക്കാനെത്തിയവരുടെ തല തല്ലിപ്പൊളിച്ച ഗുണ്ടകളുടെ കാടത്തത്തെ ‘രക്ഷാപ്രവർത്തനമെന്ന് ‘ജനങ്ങളുടെ ‘ദാസനായ ‘ഭരണാധികാരി വിശേഷിപ്പിച്ചത്. എന്തായാലും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലൂടെ ജനമവർക്ക് കായ കല്പ ചികിത്സ തുടങ്ങിക്കഴിഞ്ഞു. ഉത്തരേന്ത്യയിലെ വർഗ്ഗീയ വാദികളുടെ ആൾക്കൂട്ട വിചാരണയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഈ വിദ്യാർത്ഥി സംഘടന കേരളത്തിലെ ക്യാമ്പസുകളിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ഇടിമുറികളും പരസ്യ വിചാരണയും നടത്തുന്ന ഇവർ എത്രയെത്ര സാധുക്കളായ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് തകർത്തുകളയുന്നത്.
ഒരു കാലത്ത് ജന്മി കുടിയാൻ ബന്ധത്തിനെതിരേ പൊരുതിയ ഇവരുടെ പിതൃപ്രസ്ഥാനത്തിൽ ഇന്ന് ഓരോ സഖാവും ഓരോ ജന്മിയായ് രൂപാന്തരപ്പെട്ടിരിക്കുന്നു!പിന്നെങ്ങനെയാണ് അവരുടെ കുട്ടിക്കൂട്ടങ്ങൾക്ക് സമത്വവും സാഹോദര്യവുമൊക്കെ മനസ്സിലാക്കാനാവുക? വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ തീപ്പൊരി നേതാവ് കുറച്ച് നാളുകൾക്ക് മുൻപ് ഒരു വിദ്യാർത്ഥിനിയെ
പരസ്യമായി അവഹേളിക്കുകയുണ്ടായി.
ഇപ്പോഴിതാ മറ്റൊരാൾ മറ്റൊരു പ്രിൻസിപ്പലിൻ്റെ കാലും കൈയ്യും വെട്ടുമെന്ന് പൊതുസമൂഹത്തിന് മുന്നിൽ ആക്രോശിക്കുന്നു. പാർട്ടി ഈ തെമ്മാടിത്തരങ്ങളെ താത്വികമായി ‘വിശകലനം’ ചെയ്യുമ്പോൾ ജനം ചിന്തിക്കുന്നത് ഈ കുട്ടി നേതാക്കളുടെ സദാചാര പരിസരങ്ങളെക്കുറിച്ചാണ്. ഇവർക്കുമുണ്ടാകുമല്ലോ കുടുംബവും ബന്ധങ്ങളും! ഇവരുടെ മാതാപിതാക്കൾ ഈ മക്കളെ ഇങ്ങനെയാണോ വളർത്തിയെടുത്തത് ? ഇവരുടെ ഇത്തരം ‘നല്ല വാക്കുകൾ’ കേൾക്കുമ്പോൾ ആ മാതാപിതാക്കൾക്ക് ലജ്ജ തോന്നുകയില്ലേ? ലജ്ജ തോന്നുന്നില്ലാ എന്നാണ് മറുപടിയെങ്കിൽ പ്രിയരേ ഞങ്ങൾ നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു!
എന്തു തന്നെയായാലും അദ്ധ്യാപകർക്ക് നേരേയുള്ള ഇത്തരം ആക്രോശങ്ങളും കൊലവിളികളും ‘കലാപ്രദർശന ‘ങ്ങളുമൊന്നും തന്നെ പ്രബുദ്ധമെന്നും സൈദ്ധാന്തിക പ്രമാണികളെന്നും നടിക്കുന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഒട്ടും യോജിച്ചതല്ല. ഇനിയും ഇതു തുടർന്നാൽ ഈ വിപ്ലവ ശൂരൻമാരേ കാലം വന്ധീകരിക്കുക തന്നെ ചെയ്യും.
ബിജു കിഴക്കേക്കുറ്റ്.
(ചീഫ് എഡിറ്റർ)
Editorial on Campus Politics