മലയാളത്തിലിറങ്ങിയ ‘ദ് കിംഗ്’ എന്ന സിനിമയിൽ ഒരു രംഗമുണ്ട്.
സിനിമയിലെ വില്ലനായ രാഷ്ട്രീയക്കാരൻ്റെ വേഷമവതരിപ്പിച്ച നടൻ മുരളി തന്നോട് ആവലാതികൾ പറയാനെത്തിയ ആളുകൾക്കിടയിൽ നില്ക്കുമ്പോൾ ഒരു കുട്ടിയുടെ മൂക്കള കൈവിരലുകൾ കൊണ്ട് തുടച്ചെടുക്കുന്ന രംഗം. തങ്ങളുടെ നേതാവിൻ്റെ എളിമയും മാനുഷികതയും പാവങ്ങളോടുള്ള കാരുണ്യവുമൊക്കെ കണ്ട് ചുറ്റും കൂടി നിൽക്കുന്നവർ കോരിത്തരിക്കുന്നു. എന്നാൽ തൊട്ടടുത്ത ദൃശ്യം സോപ്പുപയോഗിച്ച് അയാൾ തൻ്റെ കൈകൾ പലയാവർത്തി കഴുകുന്നതാണ്. എന്നിട്ടും തൃപ്തിയാകാതെ ആ ബാലൻ്റെ മൂക്കള തുടച്ചെടുത്ത വിരലുകൾ മുഖത്തേക്കടുപ്പിച്ചു കൊണ്ട് അയാൾ പറയുന്നു: ” ഹ, എന്തൊരു വൃത്തികെട്ട ഉളുമ്പ് മണം.” രാഷ്ട്രീയക്കാരൻ്റെ അകവും പുറവും വെളിപ്പെടുത്തുന്ന ഒരൊന്നൊന്തരം രംഗം തന്നെയാണത്.അയാളുടെ പ്രവൃത്തിയേക്കാൾ അയാൾ പറഞ്ഞ ഡയലോഗിലുണ്ട് തനിക്ക് വോട്ടു ചെയ്യുന്ന സാധാരണക്കാരായ ജനങ്ങളോടുള്ള അയാളുടെ മനോഭാവം.തന്നെക്കാണാനെത്തുന്ന പട്ടിണിപ്പാവങ്ങളുടെ ദാരിദ്ര്യത്തിൻ്റെ ‘ഉളുമ്പ് മണം’ അയാളെപ്പോലെയുള്ള ഒരു രാഷ്ട്രീയക്കാരനും ഇഷ്ടപ്പെടുന്നില്ല.
ഇതു പോലെ തന്നെ ചിരിയുണ്ടാക്കുന്ന മറ്റൊന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സ്ഥാനാർത്ഥികളും നേതാക്കളും എടുത്തണിയുന്ന കപട മതേതര വേഷം.അതാതു മതങ്ങളിലെ വിശ്വാസികളോടൊത്ത് മുട്ടിലിഴയാനും ശൂലത്തിൽ കയറാനും കുരിശ് ചുമക്കാനും പല മത വിശ്വാസങ്ങളുടെ മുമ്പിൽ കൈകൂപ്പി നില്ക്കാനും അവർ തയ്യാറാകുന്നു! എല്ലാ മതങ്ങളുടെയും പ്രാർത്ഥനകൾ വിശ്വാസികളേക്കാൾ ഉച്ചത്തിൽ ഇവരേറ്റു പറയുന്നു. പാടത്തെ ചെളിയിലും ഇഷ്ടികച്ചൂളയിലും മീൻ വഞ്ചികളിലും ഇവർ കയറിയിറങ്ങുന്നു. ദരിദ്രൻ്റെ ചാളയിൽ അവനോടൊപ്പം കഞ്ഞി കോരിക്കുടിച്ചുകൊണ്ട് ഉറക്കെ പ്രഖ്യാപിക്കും:” ഇതാണെൻ്റെ ആരോഗ്യത്തിൻ്റെ രഹസ്യം.” കോടികളുടെ ആസ്തി ലജ്ജയില്ലാതെ വെളിപ്പെടുത്തിക്കൊണ്ടു തന്നെ തൻ്റെ മുത്തച്ചനും മുത്തശ്ശിയും പാടത്തും പറമ്പിലും പാറമടയിലും അദ്ധ്വാനിച്ചതിൻ്റെ കഥ കള്ളക്കണ്ണീരോടെ ഇവർ വിവരിക്കും. തിരഞ്ഞെടുപ്പ് കാലം കഴിയുമ്പോൾ കഥ മാറും. താൻ രാജാവും മറ്റുള്ളവർ വെറും പ്രജകളുമാണെന്ന് ഇവർ ഉറക്കെ പ്രഖ്യാപിക്കും.
പോലീസും പട്ടാളവും അവർക്കകമ്പടി സേവിക്കും. ഇന്നലെവരെ തങ്ങളുടെ മുന്നിൽ കൈകൂപ്പി വണങ്ങിനിന്ന നേതാവിനെക്കാണാൻ ജനം തെരുവിൽക്കിടന്ന് ലാത്തിയടികൊള്ളും.സാധാരണക്കാരൻ്റെ ഉളുമ്പ് മണത്തെ ഓരോ നേതാവും തങ്ങളുടെ കൈകളിൽ നിന്നും മനസ്സുകളിൽ നിന്നും വീണ്ടും വീണ്ടും കഴുകിക്കളയും!ഇവിടെയാണ് നമ്മൾ കരുതലോടെ ചിന്തിക്കേണ്ടത്.തെരഞ്ഞെടുപ്പ് കാലത്തെ അതിരുകളില്ലാത്ത സൗഹൃദ ഭാവവും സഹായ മനസ്ഥിതിയും മതേതര കാഴ്ചപ്പാടും പകുതിയെങ്കിലും ഈ ‘മഹാ’നേതാക്കൾ തുടർന്നും
നിലനിർത്തിയിരുന്നെങ്കിൽ എത്രയെത്ര സംഘർഷങ്ങൾക്ക്
അയവുണ്ടാകും?എത്രയെത്ര മാനുഷിക പ്രശ്നങ്ങൾക്ക്
പരിഹാരമുണ്ടാകും?ഇത് തിരിച്ചറിയാനുള്ള
‘വോട്ട് വിവേകമാണ് ‘ ഓരോ വോട്ടർക്കും ഉണ്ടാകേണ്ടത്.
ബിജു കിഴക്കേക്കുറ്റ്
(ചീഫ് എഡിറ്റർ)
Editorial on people's choice And Mandate