ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണം; എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം, അറിയാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സഹായം തേടി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. അച്ചടി-ദൃശ്യ-ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പല നടപടികളും പലപ്പോഴായി നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

ഡിജിറ്റല്‍ പേഴ്‌സണ്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ആക്റ്റ്, ബ്രോഡ്കാസ്റ്റ് സര്‍വീസസ് റെഗുലേഷന്‍ ബില്‍, പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ആക്റ്റ്, 2021-ലൈ ഐ.ടി. നിയമങ്ങള്‍, 2023-ലെ നിയമഭേദഗതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുലിനെ അറിയിച്ചു.

‘സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ അടിസ്ഥാനതത്വം സംരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.’ -എഡിറ്റേഴ്‌സ് ഗില്‍ഡിൻ്റെ കത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കരട് രൂപവത്കരിച്ചപ്പോഴോ, ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയപ്പോഴോ കൂടിയാലോചനയോ സൂക്ഷ്മപരിശോധനയോ ഇല്ലായിരുന്നു. പലനിയമങ്ങളും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിപുലമായ അധികാരം നല്‍കുന്നതാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും രാജ്യത്ത് ഒരു സുരക്ഷാകവചവും ഇല്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

Editors Guild Writes to Rahul Gandhi seeking support to raise the issue of press freedom in Parliament