കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം കവര്‍ന്നെടുത്ത മനുഷ്യരുടെ കൂട്ടത്തില്‍ നിന്നും ജീവനുമായി പോരാടി മരണത്തിനൊപ്പം പോകാതെ ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ കണ്ടെത്തണം, തിരികെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്തണം. അതുമാത്രമാണ് ഇപ്പോള്‍ വയനാട്ടിലെ രക്ഷാ പ്രവര്‍ത്തകരുടെ ലക്ഷ്യം.
മുണ്ടക്കൈയും ചൂരല്‍മലയുമൊക്കെ പേരുകളായി അവശേഷിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകരെ കുഴയ്ക്കുന്നത് ഗതാഗതമാര്‍ഗങ്ങള്‍ അടഞ്ഞുപോയതാണ്. പാലവും റോഡുമെല്ലാം തകര്‍ന്നിടത്ത് ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാത്രിയോടും മഴയോടും പ്രതിസന്ധികളോടെല്ലാം പോരാടി സൈന്യം പാലത്തിന്റെ നിര്‍മ്മാണം തീര്‍ക്കുകയാണ്. പുലര്‍ച്ചെയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. അങ്ങനെയെങ്കില്‍ നാളത്തെ രക്ഷാപ്രവര്‍ത്തനത്തിന് കരുത്താകുമിത്.
ഇവിടെ മുമ്പുണ്ടായിരുന്ന പാലം തകര്‍ന്നതോടെ, പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, സാവധാനം മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ. ബെയ്‌ലി പാലം പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങള്‍ക്ക് ഇരട്ടിവേഗം കൈവരും. 24 ടണ്‍ ഭാരം വഹിക്കാന്‍ ഈ ബെയ്ലി പാലത്തിന്റെ നീളം 190 അടിയാണ്.
അതേസമയം, മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫര്‍ നായകളെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാത്രിയോടെ തിരച്ചിലിനായി എത്തിക്കും.