കെയ്റോ: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട് രാജ്യത്തിന് പുറത്തേക്ക് കടത്തപ്പെട്ട റാംസെസ് രണ്ടാമന്‍ രാജാവിന്റെ ശിരസ്സ് ചിത്രീകരിക്കുന്ന പ്രതിമ തിരിച്ചുപിടിച്ചെന്ന് ഈജിപ്ത്. 2013-ല്‍ ലണ്ടനില്‍ നടന്ന ഒരു എക്‌സിബിഷനില്‍ വില്‍പനയ്ക്ക് വാഗ്ദാനം ചെയ്തപ്പോഴാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ ഈ പുരാവസ്തു കണ്ടെത്തിയത്. റാംസെസ് രണ്ടാമന്‍ രാജാവിന്റെ 3,400 വര്‍ഷം പഴക്കമുള്ള പ്രതിമ തിരികെ ലഭിച്ചെന്ന് ഈജിപ്ത് പുരാവസ്തു മന്ത്രാലയമാണ് അറിയിച്ചത്.
പ്രതിമ ഇപ്പോള്‍ കെയ്റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലുണ്ടെങ്കിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. തെക്കന്‍ ഈജിപ്തിലെ പുരാതന നഗരമായ അബിഡോസിലെ റാംസെസ് II ക്ഷേത്രത്തില്‍ നിന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ പ്രതിമ മോഷ്ടിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. കൃത്യമായ തീയതി അറിയില്ലെങ്കിലും 1980 കളുടെ അവസാനത്തിലോ 1990 കളുടെ തുടക്കത്തിലോ മോഷണം പോയതാണെന്നുമാണ് വിലയിരുത്തല്‍.
ഈജിപ്ഷ്യന്‍ ദേവതകള്‍ക്കൊപ്പം ഇരിക്കുന്ന റാംസെസ് രണ്ടാമന്‍ രാജാവിനെ ചിത്രീകരിക്കുന്ന ഈ പ്രതിമ ഒരു കൂട്ടം പ്രതിമകളുടെ ഭാഗമാണ്. പുരാതന ഈജിപ്തിലെ ഏറ്റവും ശക്തരായ ഫറവോന്മാരില്‍ ഒരാളാണ് റാംസെസ് രണ്ടാമന്‍. റാംസെസ് ദി ഗ്രേറ്റ് എന്നും അറിയപ്പെടുന്ന അദ്ദേഹം ഈജിപ്തിലെ പത്തൊന്‍പതാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോനായിരുന്നു, ബിസി 1279 മുതല്‍ 1213 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.