വാഷിങ്ടൺ: 2024ൽ അമേരിക്കക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി. താനോ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ ആയിരിക്കും വരുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തെത്തുക എന്ന് ഇന്ത്യൻ-അമേരിക്കൻ വംശജയായ നിക്കി ഹേലി പറഞ്ഞു. ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും പ്രസിഡൻ്റാകാൻ കഴിയാത്തത്ര പ്രായമുണ്ടെന്നും അവർ പറഞ്ഞു.
ആദ്യഘട്ട വോട്ടെടുപ്പുകളിൽ ഡൊണാൾഡ് ട്രംപിന് പിന്നിലായിരുന്നു നിക്കി ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താൻ ശ്രമം നടത്തുന്ന 77 കാരനായ ട്രംപിനെ പിന്തുണയ്ക്കാൻ ഹേലി തയാറായിരുന്നില്ല.
വോട്ടെടുപ്പ് ഉദ്ധരിച്ച്, പകുതിയിലധികം അമേരിക്കക്കാരും ട്രംപിനെയോ ബൈഡനെയോ യുഎസ് പ്രസിഡൻ്റായി കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹേലി പറഞ്ഞിരുന്നു.
“ഞാൻ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു അസ്വസ്ഥതയും ഇല്ല. ട്രംപോ ബൈഡനോ പ്രസിഡന്റ് ആയി കാണാൻ ആഗ്രഹിക്കുന്നില്ല എന്നതിനാലാണ് ഞാൻ മത്സരിക്കുന്നത്. ” നിക്കി ഹേലി ഒരു അഭിമുഖത്തിൽ CNN-നോട് പറഞ്ഞു.
70 ശതമാനം അമേരിക്കക്കാരും ട്രംപിനെയോ ബൈഡനെയോ പ്രസിഡന്റ് ആയി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും 59 ശതമാനം അമേരിക്കക്കാരും ബൈഡനും ട്രംപിനും പ്രായമുണ്ടെന്ന് കരുതുന്നുവെന്നും അഭിമുഖത്തിൽ നിക്കി ഹേലി പറഞ്ഞു.